സര്‍ക്കാര്‍ ധനസഹായം പറ്റുന്ന സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന് കീഴില്‍: സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ സര്‍ക്കാര്‍ ധനസഹായം പറ്റുന്ന സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന് (ആര്‍ടിഐ) കീഴില്‍വരുമെന്ന് സുപ്രീം കോടതി. സര്‍ക്കാരില്‍നിന്ന് നേരിട്ടോ സൗജന്യ നിരക്കില്‍ ഭൂമിപോലെ നേരിട്ടല്ലാതെയോ സഹായം പറ്റുന്ന സ്ഥാപനങ്ങള്‍ ആര്‍ടിഐ നിയമപ്രകാരം പൗരന്മാര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇത്തരം സ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങളാണ്. പൊതുസ്ഥാപനങ്ങളിലെ ഇടപാടുകളില്‍ സുതാര്യത ആവശ്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റീസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റെതാണ് വിധി.എന്‍ജിഒകള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ സര്‍ക്കാര്‍ ധനസാഹയം നല്‍കിയാല്‍ അവര്‍ ശരിയായ ആവശ്യത്തിനാണോ പണം ചെലവഴിച്ചതെന്ന് അറിയാന്‍ പൗരന് അവകാശമുണ്ട്. പൗരന് വിവരങ്ങള്‍ ചോദിക്കാതിരിക്കുന്നതിന്റെ ഒരു കാരണവും തങ്ങള്‍ക്ക് കണ്ടെത്താനാവുന്നില്ലെന്നും കോടതി പറഞ്ഞു. ഡിഎവി കോളേജ് ട്രസ്റ്റ് ഉള്‍പ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി.
പൊതു ഉടമസ്ഥതയില്‍ തങ്ങള്‍ ഉള്‍പ്പെടില്ലെന്നും അതിനാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു കോളജിന്റെ വാദം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ സര്‍ക്കാരില്‍നിന്നും ഗണ്യമായി ധനസഹായം പറ്റുന്നതോ ആയ ഏതൊരു സംഘടനയും പൊതുസ്ഥാപനത്തിന്റെ പരിധിയില്‍വരുമെന്ന് കോടതി നിരീക്ഷിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍