കടുത്ത നിലപാടുമായി ജോസഫ് വിഭാഗം: യു.ഡി.എഫിന്റെ പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കും, പൊലീസിലും പരാതി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് വേണ്ടി യു.ഡി.എഫ് നടത്തുന്ന പ്രചാരണ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പി.ജെ.ജോസഫ് വിഭാഗം അറിയിച്ചു. യു.ഡി.എഫ് കണ്‍വന്‍ഷനിടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. യു.ഡി.എഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്ബില്‍ വ്യക്തമാക്കി. തീരുമാനം ഉണ്ടായില്ലെങ്കില്‍ ജോസ് ടോമിന് വേണ്ടി ഒറ്റയ്ക്ക് പ്രചാരണം നടത്തുമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജോസഫ് വിഭാഗം പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നഷ്ടമായ വാര്‍ത്ത പുറത്തു വരുമ്പോഴായിരുന്നു പാലായില്‍ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ ജോസഫ് എത്തിയത്. ജോസ് വിഭാഗം കൂകി വിളിച്ചായിരുന്നു ജോസഫിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചത്. രണ്ടില ചിഹ്നം സ്ഥാനാര്‍ത്ഥിക്കില്ലെന്ന് മനസിലായതോടെ വിമതനായി അവസാന നിമിഷം പത്രിക നല്‍കിയ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കുകയും ചെയ്തു.
ജോസിനെ ചെയര്‍മാനായി തിരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി മുന്‍സിഫ് കോടതിയുടെ വിധി അംഗീകരിച്ചതോടെയാണ് പത്രിക തള്ളാന്‍ റിട്ടേണിംഗ് ഓഫീസര്‍ തീരുമാനിച്ചത്.
ജോസഫിനെ കൂക്കിവിളിച്ച നടപടി വിവാദമായതിന് പിന്നാലെ കേരള കോണ്‍ഗ്രസ് മുഖപ്രസംഗമായ പ്രതിച്ഛായയില്‍ ജോസഫിനെതിരെ ലേഖനം വന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഈ സാഹചര്യത്തില്‍ ഒരുമിച്ച് പ്രചാരണം നടത്താനാവില്ലെന്നാണ് ജോസഫിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രശ്‌നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍