സൗദിയിലെ അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകളില്‍ ഡ്രോണ്‍ ആക്രമണം, വന്‍ തീപിടിത്തം

റിയാദ്: സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ തീപിടിത്തമുണ്ടായെന്ന് സൗദി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബാഖൈഖ്, ഖുറൈസ് എന്നീ മേഖലകളിലുള്ള എണ്ണ ശുദ്ധീകരണ ശാലകളിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രദേശത്തുണ്ടായ തീ അണയ്ക്കാന്‍ രക്ഷാപ്രവര്‍ത്തര്‍ ഊര്‍ജിതശ്രമം നടത്തുന്നതായും തീപിടുത്തം നിയന്ത്രണ വിധേയമാണെന്നും സൗദി മന്ത്രി അറിയിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമാക്കാന്‍ സൗദി അധികൃതര്‍ തയ്യാറായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടുമില്ല.എണ്ണശുദ്ധീകരണ ശാലകളില്‍ നിന്നും വലിയ രീതിയിലുള്ള തീ പടരുന്ന നിലയിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്‌റ്റെബിലൈസേഷന്‍ പ്ലാന്റുകളിലൊന്നാണ് അബാഖിഖിലേതെന്നാണ് ആരാംകോയുടെ പക്ഷം. 2006 ഫെബ്രുവരിയില്‍ ഇവിടെ അല്‍ഖ്വയിദയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമനിലെ ഹൂതി വിമതരുമായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനകള്‍ 2015 മുതല്‍ സംഘര്‍ഷത്തിലാണ്. യെമനിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗദി അറേബ്യ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിട്ടാണ് സൗദിയിലെ വിവിധ സ്ഥലങ്ങള്‍ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ പക്ഷം. അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് നേരത്തെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. നാല് വര്‍ഷം മുമ്പ് യമനില്‍ വിമത പ്രവര്‍ത്തനം നടത്തുന്ന ഹൂതികള്‍ക്കെതിരെ സൗദി അറേബ്യയുടെ സഖ്യ സേന നടപടി തുടങ്ങിയതിന് ശേഷം 230ഓളം മിസൈലുകളാണ് അവര്‍ സൗദിയിലേക്ക് പ്രയോഗിച്ചത്. ലക്ഷ്യമെത്തും മുമ്പ് ഭൂരിഭാഗവും മിസൈല്‍ വേധ പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് സൗദി സേന തകര്‍ത്തു. 2017ലും മക്ക ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ തായിഫില്‍വെച്ച് തകര്‍ത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍