ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഇ.ഡിക്ക് അറസ്റ്റ് ചെയ്യാം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതികേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല. ചിദംബരം നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയാണുണ്ടായത്. നിലവില്‍ സി.ബി.ഐയുടെ കസ്റ്റഡിയിലാണ് ചിദംബരം ഉള്ളത്. കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന് ചിദംബരം ഇനി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലേക്ക് പോകേണ്ടി വരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യുന്നത് ചെറുക്കുന്നതിനായി ചിദംബരം ഡല്‍ഹി കോടതിയില്‍ ജാമ്യാഅപേക്ഷ നല്‍കിയിരുന്നു. ഈ ഹര്‍ജി ഡല്‍ഹി കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇതേ ജാമ്യാപേക്ഷയുമായി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയും ഇപ്പോള്‍ ചിദംബരത്തെ കൈയൊഴിഞ്ഞിരിക്കുകയാണ്. നിലവിലെ സ്ഥിതി അനുസരിച്ച് സി.ബി.ഐയുടെ കസ്റ്റഡി കാലാവധി അവസാനിച്ച് കഴിഞ്ഞാല്‍ ചിദംബരത്തെ ഇ.ഡിക്ക് അറസ്റ്റ് ചെയ്യാം.15 ദിവസമായി സി.ബി.ഐയുടെ കസ്റ്റഡിയിലാണ് ചിദംബരം ഉള്ളത്. സി.ബി.ഐ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചത്. ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള വാറന്റിനായി എന്‍ഫോഴ്‌സ്‌മെന്റിന് കീഴ്‌കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍