വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം മാര്‍ച്ചില്‍ തീരും: മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയുടെ ജലഗതാഗത മേഖലയെ ഹൈടെക് ആക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആവിഷ്‌കരിച്ച വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. മഹാരാജാസ്‌തൈക്കൂടം മെട്രോ പാതയുടെ ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കു തുടക്കംകുറിച്ചു വൈറ്റിലയിലെ വാട്ടര്‍ മെട്രോ ഹബ്ബിന്റെ നിര്‍മാണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികള്‍ക്കു പ്രയോജനകരമാകുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തേതന്നെ ആരംഭം കുറിച്ചിരുന്നു. അത്യാധുനിക നിലവാരത്തിലുള്ള ശീതീകരണ സംവിധാനത്തോടെയുള്ള ബോട്ടുകളാണ് ഉപയോഗിക്കുന്നത് ഇതിന്റെ നിര്‍മാണ ടെന്‍ഡറും കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് കൈമാറി. ആദ്യഘട്ടത്തില്‍ ആവശ്യമായി വരുന്ന 23 ബോട്ടുകളുടെ നിര്‍മാണ ടെന്‍ഡറാണ് കൈമാറിയത്. ആകെ 78 ബോട്ടുകള്‍ നിര്‍മിക്കുക.ഒന്നാംഘട്ടത്തില്‍ 19 ജെട്ടികളാണ് നിര്‍മിക്കുന്നത്. ഇതില്‍ വൈറ്റിലയിലെ ആദ്യ ടെര്‍മിനലിന്റെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഏറ്റവും വലിയ ബോട്ടുജെട്ടി കോംപ്ലക്‌സ് കെട്ടിടമാണ് വൈറ്റില മൊബിലിറ്റി ഹബ്ബിനോടു ചേര്‍ന്ന് നിര്‍മിക്കുന്നത്. 123 സെന്റ് സ്ഥലത്ത് ആധുനിക ബോട്ട് ജെട്ടിയോടൊപ്പം ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സും ഉണ്ടാകും. തേവരയിലും കാക്കനാട് കിന്‍ഫ്രാ പാര്‍ക്കിനു സമീപത്തുമായി രണ്ടു ബോട്ട് യാര്‍ഡുകളും നിര്‍മിക്കും. പൂര്‍ണമായും ശീതീകരിച്ച അന്‍പത് പേര്‍ക്ക് ഇരിക്കാവുന്നതും നൂറു പേര്‍ക്ക് ഇരിക്കാവുന്നതുമായ വൈദ്യുതീകരിച്ച രണ്ടു തരം ബോട്ടുകളാണു വാട്ടര്‍ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. യാര്‍ഡുകളില്‍നിന്നു വൈദ്യുതി ശേഖരിച്ച് ചാര്‍ജ് ചെയ്യും. ഭാവിയില്‍ സൗരോര്‍ജത്തില്‍ വാട്ടര്‍ മെട്രോ പ്രവര്‍ത്തിപ്പിക്കാനും ആലോചനയുണ്ട്.546 കോടിയാണ് കെഎഫ്ഡബ്ല്യുവില്‍നിന്നു കുറഞ്ഞ പലിശയ്ക്കു നല്‍കുന്നത്. 102 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. 72 കോടി ഭൂമി ഏറ്റെടുക്കലിനുള്ളതാണ്. ശേഷിക്കുന്നത് വിവിധ മാര്‍ഗങ്ങളിലൂടെ കണ്ടെത്തും. കെഎംആര്‍എലിന് കീഴില്‍ രൂപീകരിക്കുന്ന ഉപകമ്പനിയുടെ മേല്‍നോട്ടത്തിലാകും പദ്ധതിയുടെ നടത്തിപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍