91 കാരനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിലടച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ 91 വയസുകാരനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിലടച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുന്‍ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനായ കിഷന്‍ ദേവ് ഘോസ്‌ലെ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ സ്വദേശിയായ വീട്ടുജോലിക്കാരനാണ് ഘോസ്‌ലയെ ഫ്രിഡ്ജിലടച്ച് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ മുതലാണ് ഭര്‍ത്താവിനെയും വീട്ടുജോലിക്കാരനെയും കാണാതായതെന്ന് കിഷന്‍ ദേവ് ഘോസ്‌ലയുടെ ഭാര്യ സരോജ് ഘോസ്‌ല പറയുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും ഫ്രിഡ്ജും കാണാനില്ലെന്ന് വ്യക്തമായി. ഘോസ്‌ലയെ ഫ്രിഡ്ജിനുള്ളില്‍ കടത്തിക്കൊണ്ടുപോയതാണെന്ന് ഇതോടെ പോലീസ് നിഗമനത്തിലെത്തി. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുജോലിക്കാരനും കൂട്ടാളികളായ നാലുപേരും അറസ്റ്റിലാകുകയും ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഘോസ്‌ലയെ കൊലപ്പെടുത്തി മൃതദേഹം ഗ്രേറ്റര്‍ നോയിഡയിലെ വിജനമായ പ്രദേശത്ത് മറവു ചെയ്തതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് മൃതദേഹത്തിനായി പോലീസ് ഇവിടെ പരിശോധന നടത്തുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍