പാകിസ്ഥാനും ചൈനയ്ക്കും ഇന്ത്യയുടെ മുന്നറിയിപ്പ്, ആകാശ് മിസൈലുകള്‍ക്കായി 5000 കോടിയുടെ പദ്ധതി

ഡല്‍ഹി:ശത്രുരാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പിമായി ഇന്ത്യ ആകാശ് മിസൈലുകള്‍ക്കായി 5000 കോടിയുടെ പദ്ധതി നടപ്പാക്കുന്നു. വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച ആകാശ് മിസൈലുകള്‍ വാങ്ങാനായി 5000 കോടി രൂപയുടെ പദ്ധതിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കിയത്. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലായിരിക്കും മിസൈലുകള്‍ വിന്യസിക്കുക. ശത്രുസേനയുടെ വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കാന്‍ കെല്പുള്ള ആകാശ് മിസൈലുകളുടെ ആറ് സ്‌ക്വാഡ്രണുകളാണു വ്യോമസേനയ്ക്കു ലഭിക്കുക. നിലവില്‍ വ്യോമസേനയില്‍ ആകാശിന്റെ 8 സ്‌ക്വാഡ്രണുകളുണ്ട്.
മൂന്നു വര്‍ഷമായുള്ള നിര്‍ദേശമാണു കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചത്. ഇന്ത്യ സ്വന്തമായി നിര്‍മിച്ച മദ്ധ്യദൂര കര വ്യോമ മിസൈലാണ് ആകാശ്. സൂപ്പര്‍സോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷണല്‍ സിസ്റ്റമാണു പ്രത്യേകത. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചതാണ് ആകാശ്. നാഗ്, അഗ്‌നി, തൃശൂല്‍, പൃഥ്വി എന്നിവയാണു മറ്റു മിസൈലുകള്‍.75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ കുതിക്കും.യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. 2015 ജൂലായ് 10നാണ് ആകാശ് മിസൈല്‍ വ്യോമസേനയുടെ ഭാഗമായത്. 2015 മേയ് 5ന് കരസേനയുടെയും ഭാഗമായി.
അതിനിടെ, ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പാക് ബന്ധം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ അതിര്‍ത്തിയില്‍ പ്രകോപനവുമായി പാകിസ്ഥാന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്‍ഡ് കോത്‌ലി സെക്ടറിലാണ് പാകിസ്ഥാന്‍ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍