500 രൂപയുടെ വ്യാജനോട്ടുകള്‍ പെരുകുന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി പുറത്തിറങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുതുതായി രൂപകല്‍പ്പന ചെയ്ത 500 രൂപ നോട്ടുകളുടെ വ്യാജ നോട്ടുകളുടെ എണ്ണം 121 ശതമാനവും 2000 രൂപയുടെ വ്യാജ നോട്ടുകള്‍ 21.9 ശതമാനവും വര്‍ദ്ധിച്ചതായാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിന് ശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തില്‍ കുറവില്ലെന്നാണ് ആര്‍.ബി.ഐ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 ആഗസ്റ്റില്‍ അവതരിപ്പിച്ച 200 രൂപയുടെ പുതിയ നോട്ടിന്റെയും വ്യാജനും ഇറങ്ങിയിട്ടുണ്ട്. 200 രൂപയുടെ 12,728 വ്യാജ നോട്ടുകളാണ് ഈ വര്‍ഷം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെറും 79 വ്യാജ നോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം വ്യാജ നോട്ടുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 10 രൂപ, 20 രൂപ, 50 രൂപ എന്നിവയുടെ വ്യാജ നോട്ടുകള്‍ യഥാക്രമം 20.2 ശതമാനം, 87.2 ശതമാനം, 57.3 ശതമാനം എന്നിങ്ങനെയും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍. എന്നാല്‍ 100 രൂപയുടെ വ്യാജ നോട്ടുകള്‍ ഇത്തവണ 7.5 ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്. പഴയ ഡിസൈനിലുള്ള 100 രൂപ നോട്ടുകളുടെ വ്യാജനാണ് കൂടുതലും കണ്ടെത്തുന്നത്. അതേസമയം, ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി കണ്ടെത്തിയിരുന്നു. ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലിനാണ് ഇത് സംബന്ധിച്ച വിവരം കിട്ടിയത്. കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഉപയോഗിക്കുന്നതായാണ് വിവരം. കറാച്ചിയിലെ മാലിര്‍ ഹാള്‍ട്ടിലുള്ള പാകിസ്ഥാന്‍ സെക്യൂരിറ്റി പ്രസിലാണത്രെ കള്ളനോട്ട് അച്ചടി നടക്കുന്നത്. പാകിസ്ഥാനില്‍ അച്ചടിച്ച ശേഷം ഇന്ത്യയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. 2000 രൂപ നോട്ടിന്റെ ഏതാണ്ടെല്ലാ സവിശേഷതകളും ഈ കള്ളനോട്ടിലുമുണ്ട്. പാകിസ്ഥാനികള്‍ ഉപയോഗിച്ച ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. ഐ.എസ്. ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നോട്ട് പ്രിന്റ് ചെയ്യുന്നതെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. അവര്‍ക്ക് കറാച്ചിയിലും ആസ്ഥാനമുണ്ട്. നോട്ടിന്റെ ഇടതും വലതും ഭാഗത്തുള്ള ബ്ലീഡ് ലൈനുകളും അവര്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. കണ്ണ് കാണാത്തവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ആറ് മാസം മുമ്പ് പിടിച്ച കള്ളനോട്ടുകളില്‍ ഇത്തരം ഉയര്‍ന്ന സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല. പുതിയ നോട്ടില്‍ എക്‌സ്‌പ്ലോഡഡ് ഫോര്‍മേഷനിലുള്ള ഏഴ് എഫ് കെ. സീരീസുകളും ഇതില്‍ ഉള്‍പ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍