പത്തു വര്‍ഷത്തിനകം ചന്ദ്രനില്‍ ഇന്ത്യ 'ഫാക്ടറി' നിര്‍മ്മിക്കും; ഹീലിയം 3 ഭൂമിയിലേക്ക് അയക്കും

ന്യൂഡല്‍ഹി:പത്ത് വര്‍ഷത്തിനുള്ളില്‍ ഹീലിയം 3 വേര്‍തിരിച്ചെടുക്കുന്നതിനായി ചന്ദ്രന്റെ ഉപരിതലത്തില്‍ ഇന്ത്യക്ക് ഒരു ആസ്ഥാനം നിര്‍മ്മിക്കാന്‍ കഴിയുമെന്ന് മുന്‍ ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ എ ശിവതാണു പിള്ള. ദൂരദര്‍ശന്‍ ന്യൂസിലെ 'യുദ്ധവും സമാധാനവും' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യയില്‍ സമ്പൂര്‍ണ്ണ വൈദഗ്ധ്യം നേടിയ നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈല്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനാണ് ശിവതാണു പിള്ള. അമൂല്യങ്ങളായ അസംസ്‌കൃത വസ്തുക്കളുടെ വലിയ കരുതല്‍ ശേഖരിക്കാനും വേര്‍തിരിച്ചെടുത്ത ഹീലിയം 3 ഭൂമിയിലേക്ക് കൊണ്ടുവരാനും ഇന്ത്യക്ക് ചന്ദ്രനില്‍ ഒരു ഫാക്ടറി സ്ഥാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ പുതിയ ഊര്‍ജ്ജ ഘടകമായിരിക്കും ഹീലിയം 3. യുറേനിയത്തേക്കാള്‍ 100 മടങ്ങ് കൂടുതല്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന റേഡിയോ ആക്ടീവ് അല്ലാത്ത വസ്തുവാണ് ഹീലിയം 3.സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങള്‍ക്കായി ഇന്ത്യയുടെ ഭാവി വിക്ഷേപണങ്ങളുടെ കേന്ദ്രമായി ചന്ദ്രന്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ചന്ദ്രനില്‍ ആസ്ഥാനങ്ങള്‍ നിര്‍മ്മിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ സ്വാഭാവികമായും ഈ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍