റെയില്‍വേയുടെ ഒഴിപ്പിക്കല്‍; 23 വരെ നീട്ടി

പുനലൂര്‍: ആര്യങ്കാവ് തെന്മല തുടങ്ങി പ്രദേശങ്ങളില്‍ റെയില്‍വേ ലൈനിനു സമീപം താമസിക്കുന്നവരെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റെയില്‍വേ നല്‍കിയ നോട്ടീസ് കാലാവധി 23 വരെ ദീര്‍ഘിപ്പിച്ചതായി എന്‍.കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റെയില്‍വേ നല്‍കിയ നോട്ടീസിലെ അവസാനതീയതി സെപ്റ്റംബര്‍ 12 ആയിരുന്നു. സെപ്റ്റംബര്‍ നാലിന് തിരുച്ചിറാപ്പളളിയില്‍ ചേര്‍ന്ന എംപി മാരുടെ യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി വിഷയം ഉന്നയിക്കുകയും ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഓണക്കാലത്ത് വിശദീകരണം നല്‍കുന്നതിനായി ഹാജരാകണമെന്നുളള ആവശ്യം പിന്‍വലിക്കണമെന്നും എംപി. യോഗത്തില്‍ ആവശ്യപ്പെട്ടു. ഒഴിപ്പിക്കല്‍ നടപടി സംബന്ധിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉന്നയിച്ച ആവശ്യം ദക്ഷിണമേഖല ജനറല്‍ മാനേജര്‍ ബന്ധപ്പെട്ട മധുര ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എംപി യുടെ ആവശ്യത്തെതുടര്‍ന്നാണ് കാലാവധി നീട്ടിവച്ചത്. തലമുറകളായി താമസിച്ചുവരുന്നവരെ യാതൊരു പരിഗണനയും കൂടാതെ ഒഴിപ്പിക്കാനുളള റെയില്‍വേ തീരുമാനം പുനപരിശോധിക്കണമെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍