പൈതൃക തീവണ്ടിയില്‍ സെല്‍ഫിക്ക് 2000 രൂപ പിഴ

 മറയൂര്‍: ലോക പൈതൃക പട്ടികയില്‍ സ്ഥാനമുള്ള പശ്ചിമഘട്ട ത്തിലെ നീലഗിരി മലനിരകളില്‍ സര്‍വീസ് നടത്തുന്ന പൈതൃക തീവണ്ടിയില്‍ സെല്‍ഫിയെടുക്കുന്നതിന് 2000 രൂപ. തീവണ്ടിയില്‍ നിന്നും സെല്‍ഫിയെടുക്കുന്നവര്‍ക്കൂള്ള പിഴയായിട്ടാണ് 2000 രൂപ ഈടാക്കുന്നത്. മേട്ടുപ്പാളയം മുതല്‍ ഊട്ടിവരെയൂള്ള പൈതൃക തീവണ്ടിയിലെ യാത്രക്കാര്‍ ഭൂരിഭാഗവും വിനോദ സഞ്ചാരികളാണ്. മലകയറുമ്പോള്‍ തീവണ്ടി മണിക്കൂറില്‍ പത്ത് കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് സഞ്ചരിക്കുന്നത്. ഈ സമയങ്ങളില്‍ അപകടകരമായ രീതിയില്‍ വിനോദ സഞ്ചാരികളായ യാത്രക്കാര്‍ സെല്‍ഫിയെടുക്കുന്നത് ഒഴിവാക്കാനാണ് സെല്‍ഫിക്ക് പിഴ ഈടാക്കാന്‍ റെയില്‍വേ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. തീവണ്ടി വരുന്ന സമയത്ത് പാളത്തില്‍ കയറിയാല്‍ ആയിരം, മാലിന്യം തള്ളിയാല്‍ അഞ്ഞൂറ്, പാളത്തിലോ പരിസരങ്ങളിലോ തുപ്പിയാല്‍ ഇരുന്നൂറ് എന്നിങ്ങനെയാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതുതായി ഏര്‍പ്പെടുത്തിയ പിഴയെ സംബന്ധിച്ച് യാത്രക്കാരെ ബോധ്യപ്പെടുത്തുന്നതിനായി ഊട്ടി, കേത്തി, കുന്നൂര്‍, മേട്ടുപ്പാളയം, കല്ലാര്‍ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍