ചന്ദ്രയാന്‍ 2 നാലാം നാള്‍ ചന്ദ്രനില്‍

 ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 2 ചന്ദ്രനെ തൊടാന്‍ ഇനി നാലു നാള്‍കൂടി. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനായി വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.15 വിജയകരമായി വേര്‍പെടുത്തിയതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) അറിയിച്ചു. 978 കോടി രൂപയുടെ സ്വപ്‌നപദ്ധതി ചന്ദ്രയാന്‍2 ശനിയാഴ്ച പുലര്‍ച്ചെ 1.55ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്ന് ഇസ്രോ ട്വീറ്റ് ചെയ്തു. ചന്ദ്രയാന്‍2ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും പൂര്‍ണസജ്ജ മാണെന്നും വേര്‍പെടുത്തല്‍ വിജയകരമായിരുന്നെന്നും ഇസ്രോ ബംഗളൂരു ആസ്ഥാനം അറിയിച്ചു.പേടകം വിക്ഷേപിച്ച് 42 ദിവസത്തിനുശേഷമാണ് ദൗത്യത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഓര്‍ബിറ്റര്‍ലാന്‍ഡര്‍ വിച്ഛേദം നടന്നത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു ജിഎസ്എല്‍വി മാര്‍ക്ക് ത്രിഎം ഒന്ന് റോക്കറ്റ് ജൂലൈ 22നാണ് ചന്ദ്രയാന്‍2നെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. പിന്നീട്, ഭ്രമണപഥം ഉയര്‍ത്തിയും താഴ്ത്തിയും പേടകത്തെ ചന്ദ്രന്റെ ഏറ്റവും അടുത്തെത്തിച്ചു. ഞായറാഴ്ച പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തി ചന്ദ്രനു കൂടുതല്‍ അടുത്തായി.ചന്ദ്രനോട് ഏറ്റവും അടുത്തുവരുന്നത് (പെരിജി) 119 കിലോമീറ്റും ഏറ്റവും അകലെ വരുന്നത് (അപ്പോജി) 127 കിലോമീറ്ററും എന്ന ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 2 സഞ്ചരിക്കുമ്പോഴായിരുന്നു ലാന്‍ഡര്‍ വേര്‍പെടുത്തിയത്. ഒരു വര്‍ഷം ആയുസുള്ള ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ നിലവിലെ ഭ്രമണപഥത്തില്‍ ചന്ദ്രനെ വലംവയ്ക്കും.ഓര്‍ബിറ്ററും ലാന്‍ഡറും ഇസ്രോയുടെ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിന്റെ (ഇസ്ട്രാക്) നിയന്ത്രണത്തിലാണ്. ബംഗളൂരു ബൈലലുവിലെ ഇന്ത്യന്‍ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ആന്റിനയുടെ സഹായത്തോടെയാണ് ഇസ്ട്രാക് ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും നിയന്ത്രിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനായി ഇന്നും നാളെയുമായി രണ്ടു തവണ വിക്രം ലാന്‍ഡറിന്റെ ഭ്രമണപഥം കുറയ്ക്കും. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 8.45 നും 9.45നും ഇടയില്‍ ആദ്യഭ്രമണപഥം കുറയ്ക്കല്‍ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍