എന്‍ഡിആര്‍എഫ് കേരളത്തിലേക്ക്, രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളും

തിരുവനന്തപുരം:സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 23,000 പേര്‍ ക്യാംപുകളില്‍ കഴിയുന്നു. വയനാട്ടില്‍ മാത്രം 10000 പേരാണ് ക്യാംപിലുള്ളത്. എന്‍ഡിആര്‍എഫിന്റെ നാലുസംഘം കേരളത്തിലേക്ക് തിരിച്ചു. ഭോപ്പാലില്‍നിന്ന് സേനയുടെ നാലുസംഘം എത്തും. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങി. കോഴിക്കോട് മുക്കത്ത് കനത്ത മഴ . തോട്ടുമുക്കം,കാരശേരി,ചെറുവാടി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു . കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടിവരെ തുറക്കും. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട്, കോഴിക്കോട്, കോട്ടയം, പാല, മൂവാറ്റുപുഴ, മുക്കം ടൗണുകള്‍ വെള്ളത്തിലായി. നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിലായി. മറ്റന്നാള്‍വരെ പ്രവര്‍ത്തനം നിര്‍ത്തി. പല ട്രെയിനുകളും വൈകിയോടുന്നു മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ് . നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. വയനാട് മേപ്പാടി ചൂരല്‍മലയില്‍ വന്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ രാവിലെയോടെ വീണ്ടും സജീവമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍