കൊച്ചുവേളിക്ക് ക്ലീനാകാന്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് റെഡിയാകുന്നു

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ മലിനജല സംസ്‌കരണത്തിനായി നിര്‍മ്മാണം ആരംഭിച്ച വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് അന്തിമഘട്ടത്തിലേക്ക്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കി പ്ലാന്റ് ഓണത്തിന് നാടിന് സമര്‍പ്പിക്കുന്നതോടെ കൊച്ചുവേളിയിലെ ജലദൗര്‍ലഭ്യത്തിനും മലിനജല സംസ്‌കരണത്തിനും പരിഹാരമാകും. പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ട്രെയിനുകള്‍ കഴുകി വൃത്തിയാക്കാനും ചെടികള്‍ നനയ്ക്കാനും വെള്ളത്തിന് വിഷമിക്കേണ്ടിവരില്ല. പ്രതിദിനം 90,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായി വരുന്നത്. കൊച്ചുവേളി റെയില്‍വേ ഗേറ്റിന് സമീപമാണ് പ്ലാന്റ്. രണ്ട് വര്‍ഷത്തിനകം പ്രതിദിനം 5 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ കഴിയുംവിധത്തില്‍ പ്ലാന്റ് വികസിപ്പിക്കും. പ്രതിവാര സര്‍വീസുകള്‍ ഉള്‍പ്പെടെ ദിനംപ്രതി ശരാശരി എട്ട് ട്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കൊച്ചുവേളിയില്‍ ഏതാണ്ട് അത്രയും തന്നെ ട്രെയിനുകള്‍ കഴുകി വൃത്തിയാക്കുകയും യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വെള്ളം നിറയ്ക്കുകയും ചെയ്യുന്നുണ്ട്. പ്രതിദിനം ഏതാണ്ട് രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം ഇതിനായി മാത്രം വേണം. സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് അരലക്ഷം ലിറ്റര്‍ വേറെയും.കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കിണറ്റില്‍ നിന്നുള്ള വെള്ളം ഇതിനെല്ലാം കൂടി തികയാത്ത സാഹചര്യത്തില്‍ വാട്ടര്‍ അതോറിട്ടിയില്‍ നിന്ന് പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ വെള്ളം വില കൊടുത്തുവാങ്ങിയാണ് ഇപ്പോള്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ട്രെയിന്‍ കഴുകുന്ന വെള്ളം സ്റ്റേഷന് സമീപത്ത് കൂടി ആക്കുളം കായലിലേക്ക് ഒഴുകുന്ന പാര്‍വതി പുത്തനാറിലാണ് പതിക്കുന്നത്. ഗ്രീസും ഓയിലും വിസര്‍ജ്യങ്ങളും അടങ്ങിയ വെള്ളം കായല്‍ മലിനമാകാനും കാരണമായി. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചും കൊച്ചുവേളിയില്‍ രണ്ടാം ടെര്‍മിനല്‍ എന്ന ലക്ഷ്യം മുന്നില്‍ കണ്ടുമാണ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിച്ചത്. പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ നിലവിലെ ചെലവിനത്തില്‍ പ്രതിദിനം അരലക്ഷം രൂപയും പുനരുപയോഗത്തിലൂടെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ലാഭിക്കാനും കഴിയും. 16 കോടിയാണ് പ്‌ളാന്റിന്റെ നിര്‍മ്മാണ ചെലവ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വേനല്‍ക്കാലത്തുള്‍പ്പെടെ കൊച്ചുവേളി സ്റ്റേഷന്‍ നേരിടുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും. തുടക്കത്തില്‍ 90,000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചാല്‍ പ്രതിദിനം 5 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍