ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു

ധാക്ക:ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. മുപ്പതിനായിരം പേര്‍ക്കാണ് ഇതിനോടകം രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചത്. ബുധനാഴ്ച മാത്രം 2,428 പേരെയാണ് ഡെങ്കു ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത രീതിയിലാണ് ബംഗ്ലാദേശില്‍ ഡെങ്കു പടര്‍ന്നുപിടിക്കുന്നത്. പൊതുജനാരോഗ്യ സേവന കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് ഓരോ ദിവസവും നൂറുകണക്കിന് ഡെങ്കു ബാധിതര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നു. ബുധനാഴ്ചത്തെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 2,428 പേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ഇതുവരെ രാജ്യത്ത് മുപ്പതിനായിരം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 23പേരുടെ മരണമാണ് പൊതുജനാരോഗ്യ സേവന കേന്ദ്രം സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാല്‍ 85 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്. മരിച്ചവരില്‍ 60ശതമാനം പേരും രണ്ടാം തവണ ഡെങ്കിപ്പനി വന്നവരാണെന്നാണ് കണ്ടെത്തല്‍.കഴിഞ്ഞവര്‍ഷം ഡെന്‍ 1 , ഡെന്‍ 2 വിഭാഗത്തിലുള്ള വൈറസ് ആയിരുന്നു കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ അതിഗുരുതര വിഭാഗമായ ഡെന്‍ 3, ഡെന്‍ 4 എന്നിവയാണ് രോഗികളില്‍ കണ്ടെത്തിയത്. രോഗികളുടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്ന വൈറസുകളാണ് ഇവ. വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകളെ നിയന്ത്രിക്കാനാകാത്തതാണ് അധികൃതര്‍ നേരിടുന്ന പ്രധാനവെല്ലുവിളി. തലസ്ഥാന നഗരത്തിലാണ് 86 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. നഗരാസൂത്രണത്തിലെ വീഴ്ചയും ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതതും അടുത്തിടെ ഉണ്ടായ കനത്തമഴയും വൈറസ് കൊതുകുകളുടെ വ്യാപനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍