ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കും

കോഴിക്കോട്: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴുവരെ മലയോരമേഖലയിലേക്ക് യാത്ര ഒഴിവാക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍ നിര്‍ത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകരുതെന്നും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കുന്നത് ഒഴിവാക്കണം. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജികല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തുകയോ ചെയ്ത പ്രദേശങ്ങളില്‍ താമസിക്കുന്നവരും അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിതാമസിക്കണം. പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി വീട് പൂര്‍ണമായി നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തിയാക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടും അറ്റകുറ്റപണികള്‍ ഇതുവരെ പുര്‍ത്തിയാക്കാത്ത വീടുകളില്‍ താമസിക്കുന്നവരും അധികൃതരുടെ നിര്‍ദേശപ്രകാരം സുരക്ഷിതസ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സുരക്ഷിതമായ സ്ഥാനങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ആവശ്യമായ രേഖകള്‍ സുരക്ഷിതസ്ഥാനങ്ങളില്‍ സൂക്ഷിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍ വൈദ്യുതാഘാതം ഒഴിവാക്കാനായി മെയിന്‍സ്വിച്ച് ഓഫ് ആക്കുക. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍