നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിറുത്തണം, കശ്മീരില്‍ ആശങ്കയുണ്ടെന്ന് യു.എന്‍, അമേരിക്കയും

ജനീവ: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതായും നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. അതേസമയം, കശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസ് അറിയിച്ചു. വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിറുത്തുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.ആറ് ദശാബ്ദത്തിലേറെയായി നിലനിന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി പിന്‍വലിക്കുകയും പ്രത്യേക പരിരക്ഷ നല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് രാഷ്ട്രപതി റദ്ദാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായും വിഭജിച്ചു. ഇനി ഡല്‍ഹി പോലെ നിയമസഭയും മുഖ്യമന്ത്രിയുമുള്ള കേന്ദ്രഭരണപ്രദേശമായി ജമ്മുകശ്മീര്‍ മാറും. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണായിരത്തോളം അര്‍ദ്ധസൈനികരെ കശ്മീരിലേക്ക് ആകാശമാര്‍ഗം എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍