പിന്തുണയുമായി കേജരിവാളും മായാവതിയും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി നീക്കി രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റാ നുള്ള മോദി സര്‍ക്കാരി ന്റെ നീക്കത്തിന് അപ്രതീക്ഷിത പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാളും ബിഎസ്പി നേതാവ് മായാവതിയും. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന മുഖ്യമന്ത്രി ആണ് കേജരിവാള്‍. ബിജെപിയുടെ നയങ്ങളെ തുടര്‍ച്ചയായി എതിര്‍ത്തുപോരുന്ന കേജരിവാള്‍ കശ്മീര്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചത്.ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി അരവിന്ദ് കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഈ തീരുമാനം കശ്മീരിന്റെ വികസനത്തിനും സമാധാനത്തിനും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കേജരിവാള്‍ ട്വിറ്ററില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡല്‍ഹിയുടെ നിയന്ത്രണം ലഫ്റ്റന്റ് ഗവര്‍ണറിലൂടെ പിടിച്ചെടുക്കാന്‍ തുനിയുന്നു എന്നു പറഞ്ഞ് ബിജെപി സര്‍ക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു അരവിന്ദ് കേജരിവാള്‍. ആംആദ്മി പാര്‍ട്ടിയുടെയും കേജരിവാളിന്റെയും രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടുമുക്കാല്‍ ഭാഗവും ബിജെപിയെ വിമര്‍ശിക്കുന്നതിനായാണ് മാറ്റിവച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായ ആംആദ്മി പാര്‍ട്ടിയുടെ നിലപാട്.നേരത്തെതന്നെ മായാവതിയുടെ ബിഎസ്പിയും സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണെന്ന് ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര വ്യക്തമാക്കി. 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയോട് ബിഎസ്പിക്ക് യാതൊരു എതിര്‍പ്പുമില്ല. ബില്‍ പാസാക്കേണ്ടതാണെന്ന് സതീഷ് ചന്ദ്ര സഭയില്‍ പറഞ്ഞു. രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ പാസാക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് സതീഷ് ചന്ദ്ര പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍