കശ്മീരില്‍ കേന്ദ്രത്തെ പിന്തുണച്ച് കരണ്‍സിംഗും

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഭിന്നത വീണ്ടും മറനീക്കി. ജമ്മു കശ്മീരിനെ രണ്ടായി മുറിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് രാജ്യസഭ എംപിയായിരുന്ന മുതിര്‍ന്ന നേതാവ് കരണ്‍ സിംഗും സ്വാഗതം ചെയ്തതാണ് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കിയത്. കശ്മീര്‍ രാജാവായിരുന്ന ഹരിസിംഗിന്റെ മകനാണ് കരണ്‍ സിംഗ്. കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യ, ജനാര്‍ദന്‍ ത്രിവേദി ഉള്‍പ്പെടെയുളള നേതാക്കളും കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കണ്ണുംപൂട്ടി എതിര്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയുകയില്ലെന്ന് കരണ്‍സിംഗ് പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കി രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കിയതിലും ജമ്മു കശ്മീരിനെ പുനഃസംഘടിപ്പിക്കുന്ന ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിലും നിരവധി നല്ല വശങ്ങളുണ്ടെന്ന് കരണ്‍സിംഗ് പ്രസ്താവനയില്‍ പറഞ്ഞു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനെ കരണ്‍സിംഗ് സ്വാഗതം ചെയ്തു. എങ്കിലും കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എയിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെയും കരണ്‍സിംഗ് സ്വാഗതം ചെയ്തു. ലിംഗപരമായ അസമത്വം പരിഹരിക്കാന്‍ ഇത് സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം കശ്മീരിലെ മുഖ്യപാര്‍ട്ടികളായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും ദേശവിരുദ്ധരെന്ന് വിളിക്കുന്നതിനെ കരണ്‍സിംഗ് പ്രസ്താവനയില്‍ എതിര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍