പ്രധാന പദ്ധതികള്‍ വേഗം പൂര്‍ത്തിയാക്കണം : മുഖ്യമന്ത്രി

 തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സെക്രട്ടറിമാരും വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രധാനപ്പെട്ട പദ്ധതികളുടെ നിലവിലുള്ള പുരോഗതി, പദ്ധതിക്കുള്ള തടസങ്ങള്‍ നീക്കുക, നിശ്ചിത ഷെഡ്യൂള്‍ അനുസരിച്ച് പദ്ധതി പൂര്‍ത്തീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല മാസ്റ്റര്‍പ്ലാന്‍, ഓഖി പുനരധിവാസ പദ്ധതികള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ഇടമണ്‍ കൊച്ചി വൈദ്യുതിലൈന്‍, ഗെയില്‍ പൈപ്പ്‌ലൈന്‍, കോവളം ബേക്കല്‍ ജലപാത, ലൈഫ് മിഷന്‍ എന്നിവയുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഏറക്കുറെ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി.തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്തു. വയനാട്ടിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് രണ്ടു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും.ശബരിമല മാസ്റ്റര്‍പ്ലാനില്‍ 63.5 ഏക്കര്‍ ഭൂമിയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ആദ്യം തയ്യാറാക്കാനും നിര്‍ദ്ദേശിച്ചു. റോപ് വേ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും.കോവളം ബേക്കല്‍ ജലപാതയില്‍ ഒന്‍പത് റീച്ചില്‍ പൂര്‍ണമായി ജലഗതാഗതയോഗ്യമല്ലാത്ത രണ്ട് റീച്ചുകളില്‍ പ്രവര്‍ത്തനം വേഗത്തിലാക്കണം.ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാകാത്ത ചുരുക്കം വീടുകള്‍ പ്രത്യേകമായി പരിശോധിക്കണം.രണ്ടാം ഘട്ടത്തിലെ ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള വീടു നിര്‍മാണം 2019 ഓടെ പൂര്‍ത്തീകരിക്കണം. ഭൂരഹിത ഭവനരഹിതര്‍ക്ക് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള മൂന്നാം ഘട്ടവും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണം. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഇ.പി. ജയരാജന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കെ.കെ. ശൈലജ, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിഅമ്മ, ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍