കനത്ത മഴ തുടരുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി


ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി സംസ്ഥാനം
രണ്ട് ദിവസം കൂടി മഴ തുടരും


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനിച്ചത്. സംസ്ഥാനത്താകെ 1385പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ 29 ക്യാമ്പുകള്‍ തുറന്നു.
അതേസമയം, മൂന്നാറിലും നിലമ്പൂരിലും എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ തന്നെ സജീവമാണ്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
വടക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടലിനും അപകടങ്ങള്‍ക്കും സാദ്ധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കമുണ്ടായി. നിലമ്പൂര്‍ ടൗണും പരിസര പ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. നിലമ്പൂരില്‍ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. രണ്ടാള്‍പ്പൊക്കത്തിലാണ് ടൗണില്‍ വെള്ളം പൊങ്ങിയിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലും വ്യാപകനാശനഷ്ടം ഉണ്ടായി. വയനാട് മേപ്പാടി പുത്തുമലയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കല്‍പറ്റ പുത്തൂര്‍ വയലില്‍ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തു.
ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍