ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: ജില്ലയിലെ വെള്ളപ്പൊക്ക കെടുതികളും ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ഇന്ന്അവലോകന യോഗം ചേരുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. 12ന്കളക്ടറേറ്റിലാണ് യോഗം. ശക്തമായ പേമാരിയും കാറ്റും ഉരുള്‍പൊട്ടലും തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പ്രകൃതിക്ഷോഭം കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരന്തത്തിനിരയായവരെ സഹായിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും എല്ലാവരും പങ്കാളികളാകണം. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ എല്ലാവരും തയ്യാറാകണം. വീട് ഒഴിഞ്ഞു പോയവര്‍ക്ക് താമസിക്കാന്‍ ആവശ്യമായ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തങ്ങള്‍ തടയുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്താനും ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും എല്ലാ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍