അമിത് ഷാ ബോധപൂര്‍വം കേരളത്തെ ഒഴിവാക്കിയെന്ന് സി.പി.എം

ന്യൂഡല്‍ഹി: പ്രളയദുരന്തം അനുഭവിക്കുന്ന കേരളം ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് സി.പി.എം. അമിത്ഷാ വ്യോമനിരീക്ഷണം നടത്തിയത് ബി.ജെ.പി ഭരണത്തിലുള്ള മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും മാത്രമാണെന്ന് സി.പി.എം പി.ബി പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ നാശമുണ്ടായ കേരളത്തെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്ന് തോന്നലാണുണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് ആര്‍.എസ്.എസ് ബി.ജെ.പി അനുഭാവികളില്‍ ചിലര്‍ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പോലും രാഷ്ട്രീയപക്ഷപാതം കാട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും പി.ബി പ്രസ്താവനയില്‍ പറഞ്ഞു.പ്രളയദുരന്തം നേരിടാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം ആവശ്യമായ സഹായം നല്‍കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മരണങ്ങളിലും നാശനഷ്ടത്തിലും പി.ബി ആശങ്ക പ്രകടിപ്പിച്ചു. 2018ല്‍ മഹാപ്രളയമുണ്ടായ കേരളത്തിലാണ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഏറ്റവും രൂക്ഷമായി പ്രളയക്കെടുതി ആവര്‍ത്തിക്കുന്നത്. 72 മൃതദേഹം ഇതിനകം കണ്ടെടുത്തിട്ടുണ്ട്. മൂന്നുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കാര്യക്ഷമമായ വിധത്തിലാണ് പ്രകൃതിദുരന്തം കൈകാര്യം ചെയ്യുന്നതെന്നും പി.ബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍