കെഎസ്ആര്‍ടിസിയിലെ പുനഃക്രമീകരണം: ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തില്‍

പത്തനംതിട്ട: ദീര്‍ഘദൂര റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഒഴിവാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍. രാവിലെയും വൈകുന്നേരങ്ങളിലുമാണു യാത്രാക്ലേശം രൂക്ഷമായിരിക്കുന്നത്. രാത്രികാല ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകള്‍ നിരത്തുകളില്‍നിന്നു പിന്‍വലിച്ചതും ദുരിതം വര്‍ധിപ്പിച്ചു. ദീര്‍ഘദൂര ബസുകള്‍ ഒഴിവാക്കി രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍സര്‍വീസുകളാണു കെഎസ്ആര്‍ടിസി ഓടിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ദേശീയപാതയില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയും ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം താമസിയാതെ കേരളം മുഴുവന്‍ വ്യാപകമാക്കും. ബൈ റൂട്ടുകള്‍ പരിഷ്‌കരണത്തിനു വിധേയമാകില്ലെന്ന് കെഎസ്ആര്‍ടിസി പറഞ്ഞിരുന്നെങ്കിലും പ്രധാന ഡിപ്പോകളില്‍നിന്നു ബൈറൂട്ടുകളിലേക്കുണ്ടായിരുന്ന ഷെഡ്യൂളുകളും പരിഷ്‌കരണത്തിനു വിധേയപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട, എരുമേലി, കട്ടപ്പന, കുമളി, ഈരാറ്റുപേട്ട തുടങ്ങി മലയോര മേഖലയിലൂടെയുള്ള ചില ഷെഡ്യൂളുകളെയും പുനഃക്രമീകരണം ബാധിച്ചിട്ടുണ്ട്. ഇവയുടെ റൂട്ടുകള്‍ പരിഷ്‌കരിച്ചതോടെ ബൈ റൂട്ടുകളിലേക്കുള്ള ബസുകളാണ് ഇല്ലാതായത്. വര്‍ഷങ്ങളായി ഗ്രാമീണ മേഖലകളെ ഉള്‍പ്പെടെ ബന്ധപ്പെടുത്തി ഓടിക്കൊണ്ടിരുന്ന ബസുകളും പരിഷ്‌കരണത്തിനു വിധേയപ്പെട്ടു. ഇവയിലേറെയും ഗ്രാമീണ മേഖലകളിലേക്കുള്ള സ്റ്റേ ബസുകളായിരുന്നു.ദേശീയപാതയില്‍ തിരുവനന്തപുരം കൊല്ലം, കൊല്ലം ആലപ്പുഴ, ആലപ്പുഴ എറണാകുളം റൂട്ടുകളിലും എംസി റോഡില്‍ തിരുവനന്തപുരം കൊട്ടാരക്കര, കൊട്ടാരക്കര കോട്ടയം റൂട്ടുകളിലുമാണു ചെയിന്‍സര്‍വീസുകളായി ഫാസ്റ്റ് പാസഞ്ചറുകള്‍ മാറിയത്. ഒരേ റൂട്ടില്‍ പല ഡിപ്പോകളില്‍നിന്നായി ബസുകള്‍ ഒരേ സമയം കയറിവരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ദീര്‍ഘദൂര യാത്രയ്ക്ക് നിലവിലുള്ള സൂപ്പര്‍ഫാസ്റ്റുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.രാത്രികാല സര്‍വീസുകളടക്കം പുനഃക്രമീകരണത്തിനു വിധേയമായിട്ടുണ്ട്. ഷെഡ്യൂളുകളുടെ പുനഃക്രമീകരണത്തോടെയാണ് രാത്രികാല സര്‍വീസുകളും വെട്ടിക്കുറയ്‌ക്കേണ്ടിവന്നത്. വടക്കന്‍ മേഖലയിലേക്കും അവിടെനിന്ന് തിരികെയും ഓടിയിരുന്ന ഷെഡ്യൂളുകള്‍ പരിഷ്‌കരണത്തിനു വിധേയമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍