ഇന്ത്യയിലെ ആദ്യത്തെ അന്തര്‍ജല മെട്രോ സവാരിക്കൊരുങ്ങുന്നു

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അന്തര്‍ജല ട്രെയിന്‍ സര്‍വീസ് പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കൊല്‍ക്കത്ത മെട്രോ ലൈന്‍ 2 ന്റെ ഭാഗമാണ് ഹൂഗ്ലി നദിയിയൂടെ കടന്നുപോകുക. എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണ് അന്തര്‍ജല ട്രെയിന്‍ സര്‍വീസെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്തെ റെയില്‍ സംവിധാനത്തിന്റെ പുരോഗതിയുടെ മാതൃകയാണിത്. കൊല്‍ക്കത്ത നിവാസികള്‍ക്ക് മികച്ച യാത്രാനുഭവവും രാജ്യത്തിന് അഭിമാനവും ഇതോടെ കൈവരും മന്ത്രി ട്വിറ്ററില്‍ പറഞ്ഞു. ഈസ്റ്റ്‌വെസ്റ്റ് മെട്രോ എന്നറിയപ്പെടുന്ന ഈ സര്‍വീസ് 16 കിലോമീറ്ററാണ്. സാള്‍ട്ട് ലേക്ക് സെക്ടര്‍ 5 സ്റ്റേഷനെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആദ്യ ഘട്ടം 5 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത് ഈ മാസം അവസാനം പ്രവര്‍ത്തനം ആരംഭിക്കും. പുതിയ മെട്രോ പാത യാത്രക്കാരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദിക്കടിയിലൂടെ കടന്നുപോകുന്ന സര്‍വീസ് സാള്‍ട്ട് ലേക്ക് സെക്ടര്‍ 5 സ്റ്റേഷനെയും ഹൗറ മൈതാനത്തേയും ബന്ധിപ്പിക്കും. അന്തര്‍ജലപാത പൂര്‍ത്തിയായാല്‍ നദിക്കടിയിലൂടെ ഒരു മിനിറ്റ് ദൂരം യാത്രക്കാര്‍ക്ക് മെട്രോ സവാരി ആസ്വദിക്കാം. നദിയുടെ 30 അടി താഴ്ചയില്‍ 520 മീറ്റര്‍ ദൂരത്തിലാണ് ടണല്‍ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍