മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശുചിമുറികള്‍ പുനര്‍നിര്‍മിക്കാന്‍ രണ്ടരക്കോടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ശുചിമുറികള്‍ പുനര്‍നിര്‍മിക്കാന്‍ രണ്ടര കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തുക പൊതുമരാമത്തിന് കൈമാറിയിട്ടുണ്ടെന്നും നിര്‍മാണ ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം മികവുറ്റ നിലയില്‍ നിലനിര്‍ത്താന്‍ തുടര്‍ന്നും ശ്രദ്ധിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം നല്‍കിയ പരാതിയിലാണ് നടപടി. കമ്മീഷന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗത്തില്‍ നാല് ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരെണ്ണം പ്രവര്‍ത്തനരഹിതമായാല്‍ മറ്റൊരെണ്ണം ഉപയോഗിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ശുചിമുറികളില്‍ ബ്ലോക്കുണ്ടാകാറുണ്ട്. തകരാര്‍ യഥാസമയം പരിഹരിക്കാന്‍ പൊതുമരാമത്തിന് ചുമതല നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ കുറിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ നിഷേധിച്ചു. മൂട്ടശല്യം ഒഴിവാക്കാന്‍ ബ്ലോക്കില്‍ തലയിണയും മെത്തയും പായയും പ്രവേശിപ്പിക്കാന്‍ അനുവദിക്കാറില്ല. ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ ഡീസല്‍ ഇല്ലാത്ത സാഹചര്യമുണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍