വ്യോമപാത ഭാഗികമായി അടച്ച് പാക് , സര്‍വീസുകളെ ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ

ഇസ്ലാമാബാദ് / ന്യൂഡല്‍ഹി : ഭരണഘടനയില്‍ ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക അധികാരങ്ങള്‍ പിന്‍വലിച്ച നടപടിക്കു പിന്നാലെ ഇന്ത്യയുമായുള്ള വ്യോമപാത ഭാഗികമായി അടച്ച് പാക് പ്രതികാരം. പാകിസ്ഥാനിലൂടെയുള്ള വ്യോമപാതകളില്‍ പതിനൊന്ന് റൂട്ടുകളിലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്. കശ്മീരില്‍ ഇന്ത്യ ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നാരോപിച്ച് നയതന്ത്ര തലത്തിലുള്ള ബന്ധങ്ങള്‍ക്ക് പാകിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയെ പുറത്താക്കിയ പാകിസ്ഥാന്‍ അവരുടെ ഇന്ത്യയിലെ പ്രതിനിധിയെ പിന്‍വലിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള വ്യാപാരബന്ധവും പാകിസ്ഥാന്‍ നിര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. ഇതിനുപുറമേയാണ് വ്യോമപാതകളിലും ഭാഗീകമായി നിരോധനം ഏര്‍പ്പെടുത്തിയത്.
വ്യോമപാതകളില്‍ പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ നിരോധനം സര്‍വ്വീസുകളെ ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പാക് നടപടി കാരണം വിമാനങ്ങള്‍ വഴിതിരിച്ചു വിടുമെന്നും അതിനാല്‍ പന്ത്രണ്ട് മിനിട്ടോളം അധികം സഞ്ചരിക്കേണ്ടി വരുമെന്നും എയര്‍എന്ത്യ വ്യക്തമാക്കി. ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തിന് പിന്നാലെയും പാകിസ്ഥാന്‍ വ്യോമപാതയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മാസങ്ങള്‍ നീണ്ട നിരോധനം കഴിഞ്ഞ മാസമായിരുന്നു നീക്കിയത്. വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതിലൂടെ കോടികളുടെ നഷ്ടമാണ് വിമാനക്കമ്പനികള്‍ക്കുണ്ടായത്. യൂറോപ്പ്, യു.എസ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലേക്ക് അന്‍പതോളം സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ ഓപ്പറേറ്റ് ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍