ഭക്ഷ്യവിഷബാധ; സര്‍ക്കാര്‍ അനാഥാലയത്തില്‍ നവജാതശിശുക്കള്‍ മരിച്ചു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അതിസാരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അനാഥാലയത്തിലെ രണ്ട് നവജാതശിശുക്കള്‍ മരിച്ചു. എട്ടു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമികവിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. മഥുരയിലെ രാജകീയ ശിശു സദനിലായിരുന്നു സംഭവം. കുട്ടികള്‍ക്ക് നല്‍കിയ പാലിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.ബുധനാഴ്ചയാണ് കുട്ടികള്‍ക്ക് അതിസാരം പിടിപെട്ടത്. മഥുര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 കുട്ടികളില്‍ ഗുരുതരാവസ്ഥയിലായ നാല് കുട്ടികളെ ആഗ്രയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ഒന്നരവയസുള്ള രണ്ട് കുട്ടികളെ രക്ഷിക്കാനായില്ല. മറ്റ് കുട്ടികള്‍ ആരോഗ്യം വീണ്ടെടുത്തുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അനാഥാലയത്തില്‍ 50 കുട്ടികളാണ് ഉള്ളത്. ഇതില്‍ 30 കുട്ടികള്‍ രണ്ട് വയസില്‍ താഴെ പ്രായമുള്ളവരാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍