ലോക്കപ്പിലെ ദൃശ്യങ്ങള്‍ ഇനി തലസ്ഥാനത്തിരുന്ന് അറിയാം

 കോട്ടയം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകള്‍ക്കു മുന്നിലുള്ള കാമറയിലെ ദൃശ്യങ്ങള്‍ ഇനി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും ജില്ലാ ആസ്ഥാനങ്ങളിലും ലഭിക്കും. ഒരാഴ്ച മുന്‍പാണ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ലോക്കപ്പുകള്‍ക്കു മുന്നിലുള്ള ക്യാമറ പോലീസ് ആസ്ഥാനവുമായി ബന്ധിപ്പിച്ചത്. മുമ്പുണ്ടായിരുന്ന ക്യാമറ ലോക്കപ്പിനുള്‍വശം കാണത്തക്കവിധം ക്രമീകരിച്ചു. ഇതോടൊപ്പം പോലീസ് സ്റ്റേഷനിലെ ഫ്രണ്ട് ഓഫീസുകള്‍ക്കു മുന്നിലുള്ള ക്യാമറയും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പ്രത്യേക വിഭാഗം നിരീക്ഷിക്കും. ജില്ലാ ഓഫീസുകളില്‍ സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗമാണു ലോക്കപ്പും ഫ്രണ്ട് ഓഫീസും നിരീക്ഷണ വിധേയമാക്കുന്നത്. ചില പോലീസ് സ്റ്റേഷനുകളില്‍ കേടായ ക്യാമറകളുണ്ടായിരുന്നത് നന്നാക്കി. ഇവയുടെ സ്ഥാനം ലോക്കപ്പിനുള്ളില്‍ കിടക്കുന്ന പ്രതികളെ കാണത്തക്ക വിധമാക്കി. ചുരുക്കത്തില്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ എന്തു നടന്നാലും ഉന്നത ഉദ്യോഗസ്ഥര്‍ അറിയും. പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന സംഭവങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വൈകിയാണ് അറിയുന്നതെന്ന പരാതിയുണ്ടായിരുന്നു. അതുകൊണ്ടാണു തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയത്. ലോക്കപ്പില്‍ ആരെയെങ്കിലും അനധികൃതമായി പാര്‍പ്പിച്ചാല്‍ ഇനി പോലീസ് കുറ്റക്കാരാകും. ലോക്കപ്പില്‍ കിടക്കുന്ന പ്രതികളെ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും വൈകുന്നേരം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നല്കണമെന്നാണ് മറ്റൊരു പുതിയ നിര്‍ദേശം. നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്നാണു പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍