ഡാം സുരക്ഷാ ബില്‍: സഭയില്‍ കേരളത്തിന്റെ ആശങ്ക ഉയര്‍ത്തി ഡീന്‍

തൊടുപുഴ: ഡാം സുരക്ഷാ ബില്ലിന്റെ ഭാഗമായി ഇന്നലെ ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിന്റെ പ്രത്യേകിച്ച് ഇടുക്കി, എറണാകുളം ജില്ലക്കാരുടെ ആശങ്ക വ്യക്തമാക്കി ഡീന്‍ കുര്യാക്കോസ് എംപി. മനുഷ്യ നിര്‍മിതികള്‍ക്കെല്ലാം ഒരു പരിധിയുണ്ടെന്നും 124 വര്‍ഷം മുമ്പ് ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മിച്ച മുല്ലപ്പെരിയാറിനും ഇതു ബാധകമാണെന്നും ഡീന്‍ കൂര്യാക്കോസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ പഠന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. ഭൂകമ്പ മേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെന്ന് പഠനം നടത്തി ഐഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത് ഡീകമ്മീഷന്‍ ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു. ഡാം അപകടകരമായ അവസ്ഥയിലാണെന്നും ഇടുക്കി മാത്രമല്ല സമീപ പ്രദേശത്തുള്ള നാലു ജില്ലകളിലെ ജനങ്ങളും ഇതേ ആശങ്കയിലാണ് കഴിയുന്നതെന്നും ആയതിനാല്‍ 100 വര്‍ഷത്തിന് മേല്‍ പ്രായമുള്ള ഡാമുകളെ സംബന്ധിച്ച് വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക പഠനം നടത്തണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. പുതുതായി പാര്‍ലമെന്റ് അംഗീകരിക്കുന്ന ബില്ലില്‍ ഡാമുകളുടെ ക്ഷമതയും പ്രായവും പരിഗണിച്ച് ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിയുന്ന രീതിയില്‍ നിയമ നിര്‍മാണം നടത്തണമെന്നും നിയന്ത്രണം ഡാം സേഫ്റ്റി കമ്മിറ്റിക്ക് അധികാരം നല്‍കുന്ന രീതിയില്‍ നിയമം നിര്‍മിക്കണമെന്നും ഡീന്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടു. ഈ നിയമ നിര്‍മാണം സംസ്ഥാനങ്ങളെ തങ്ങളുടെ വരുതയില്‍ നിര്‍ത്താനുള്ള ഒരു ഉപകരണമായി കേന്ദ്രം ഉപയോഗിക്കരുതെന്നും ഡീന്‍ ഓര്‍മപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍