കുവൈത്തില്‍ ആശ്രിത വിസ നിയമങ്ങളില്‍ നിയന്ത്രണം

കുവൈത്ത:്കുവൈത്തിലുള്ള വിദേശികള്‍ക്ക് 12 വയസ്സിനു മുകളില്‍ പ്രായമുള്ള മക്കളെ ആശ്രിത വിസയില്‍ കൊണ്ട് വരാനാകില്ല. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വകുപ്പിന്റെ തീരുമാനപ്രകാരമാണ് പുതിയ നിയന്ത്രണം. 18 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് ആശ്രിത വിസ പുതുക്കി നല്‍കുന്നതിനും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കുവൈത്തില്‍ താമസാനുമതിയുള്ള വിദേശികള്‍ക്ക് 500 ദിനാറിനു മുകളില്‍ ശമ്പളം ഉണ്ടെങ്കിലാണ് ഭാര്യ, മക്കള്‍ എന്നിവരെ സ്വന്തം സ്‌പോണ്‌സര്‍ഷിപ്പില്‍ കൊണ്ട് വരാന്‍ അനുവാദമുള്ളത്. നേരത്തെ 450 ദിനാര്‍ ആയിരുന്നു ആശ്രിത വിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി. പോയ വാരമാണ് ഇത് 500 ആക്കി ഉയര്‍ത്തിയത്. ഇതിനു പിറകെയാണ് ഇപ്പോള്‍ ആശ്രിത വിസക്കു കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പെടുത്തിക്കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 12 വയസിനു മുകളില്‍ പ്രായമുള്ള മക്കള്‍ക്ക് ആശ്രിത വിസ ലഭിക്കില്ല.നിലവില്‍ ആശ്രിത വിസയില്‍ കഴിയുന്ന 18 വയസ് പൂര്‍ത്തിയായ ആണ്‍ കുട്ടികള്‍ക്ക് വിസ പുതുക്കുന്നതിനും തടസമുണ്ടാകും. പ്രാദേശിക സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിയാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ മാത്രമേ ഇത്തരക്കാര്‍ക്ക് ഇഖാമ പുതുക്കി നല്‍കൂ. ശമ്പള പരിധി വര്‍ധിപ്പിക്കുന്നതിന് മുമ്പ് ആശ്രിത വിസയിലെത്തിയവരുടെ ഇഖാമ പുതുക്കുന്നതിന് കുടുംബ നാഥന്റെ പ്രൊഫഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് വിവരം. ഇതോടൊപ്പം സിറിയ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ട് വരുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍