മെഡിക്കല്‍ കോളജ് ആശുപത്രി സമ്പൂര്‍ണ ക്യാമറ നിരീക്ഷണത്തിനൊരുങ്ങുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസര പ്രദേശങ്ങളും ക്യാമറ നിരീക്ഷണത്തിനൊരുങ്ങുന്നു. 
ഇതിനായി 83 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പിഡബ്ല്യുഡി ഇലക്ട്രോണിക് വിഭാഗമാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ പരിസരം മുതല്‍ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും നിരീക്ഷണത്തിലാകും. മോഷണം, അനധികൃത ആളുകളുടെ വരവും പോക്കും സ്റ്റാഫിന്റെ വീഴ്ചകള്‍, അതിക്രമങ്ങള്‍ എല്ലാം നിരീക്ഷിക്കാനാകും. അടുത്ത കാലത്തായി നിരവധി ചെറുതും വലുതുമായ മോഷണങ്ങള്‍ ആശുപത്രിയില്‍ പതിവായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ.രാംലാല്‍ അധികാരമേറ്റപ്പോള്‍ മുതല്‍ ഇതിനായി ശ്രമം തുടങ്ങിയിരുന്നു. സംസ്ഥാന തലത്തില്‍ തീരുമാനമാകേണ്ടതിനാലാണ് കാലതാമസം ഉണ്ടായത്. ഇന്റര്‍നെറ്റ്, അനൗണ്‍സ്‌മെന്റ് സൗകര്യം, ഫോണ്‍ സൗകര്യം എന്നിവയോടെ അത്യാധുനിക സൗകര്യങ്ങളും ഇതോടെ ആശുപത്രിയില്‍ ലഭ്യമാകും. ഇതോടെ മോഷണത്തില്‍ നിന്നും രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും മോചനമാകുമെന്ന ആശ്വാസത്തിലാണ് ജനം. ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.രാംലാല്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍