ദേശീയപാതയിലെ ഗതാഗത നിരോധനം: സര്‍ക്കാര്‍ ഇടപെടുമെന്നു മുഖ്യമന്ത്രി

 സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ ഗതാഗത നിരോധന വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസിലാണ് ബദല്‍പാത ദേശീയപാതയാക്കി മാറ്റി നിലവിലെ ദേശീയപാത പൂര്‍ണമായും അടച്ചിടുന്നത് സംബന്ധിച്ച് നാലാഴ്ചയ്ക്കകം നിര്‍ദേശം സമര്‍പ്പിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദേശം കേരള സര്‍ക്കാരിന് അംഗീകരിക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാത്രി യാത്ര നിരോധനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ബോധ്യമുണ്ട്. പുതിയ നിര്‍ദേശം ജനങ്ങളെ ഗുരുതരമായി ബാധിക്കും. നിരോധനം സംബന്ധിച്ച് ചര്‍ച്ച നടത്തിയ സര്‍വകക്ഷി സംഘത്തിനാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. സുപ്രീം കോടതി സമിതി ആദ്യം നിര്‍ദേശിച്ച മേല്‍പാല പദ്ധതിയുടെ ചെലവിന്റെ പകുതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സുപ്രീം കോടതി മുമ്പാകെ ഉറപ്പ് നല്‍കിയിരുന്നതാണ്. ഈ നിര്‍ദേശം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി, റോഡ് ഗതാഗതവും ഹൈവേയും വകുപ്പ് മന്ത്രി എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി സംസ്ഥാനത്തിന്റെ നിലപാട് വിശദീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായും സംഘം ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ ഇടപെടല്‍ നടത്തുമെന്നും കേസ് നടത്തിപ്പ് കാര്യക്ഷമമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചര്‍ച്ചയ്ക്കു എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍, സി. മമ്മൂട്ടി എന്നിവര്‍ നേതൃത്വം നല്‍കി. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി. മോഹനന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സഹദേവന്‍, പി.പി. സുനീര്‍, പി.എം. ജോയി, ബാബു, ടി.എം. റഷീദ്, പി. സംഷാദ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍