മോദിയെ ഉപേക്ഷിച്ചുപോയവരോട് ജനം പൊറുക്കില്ല: മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മോദിയെ ഉപേക്ഷിച്ചുപോയവരെല്ലാം ഒടുവില്‍ നശിപ്പിക്കപ്പെട്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മോദിയെ വിട്ടുപോകുന്നവരോടു ജനം പൊറുക്കില്ലെന്നും മഹാരാഷ്ട്രയില്‍ 4000 കിലോമീറ്റര്‍ യാത്ര നടത്തുന്ന ഫഡ്‌നാവിസ് ഒരു ചടങ്ങില്‍ പറഞ്ഞു. ബിജെപിയില്‍ എല്ലാവര്‍ക്കും ഇടമില്ല. ഹൗസ്ഫുള്‍ ബോര്‍ഡ് വച്ചുകഴിഞ്ഞു. ബിജെപിയും ശിവസേനയും തമ്മിലുള്ള സീറ്റ് വിഭജന പ്രശ്‌നങ്ങള്‍ പരിഹരിക്കും. ചിലയിടങ്ങളില്‍ ബിജെപിക്ക് കരുത്തുണ്ട്, ചിലയിടങ്ങളില്‍ ശിവസേനയ്ക്കും. എന്നാല്‍ അതിനെകുറിച്ച് ഓര്‍ത്ത് ബിജെപി ഇപ്പോള്‍ വേവലാതിപ്പെടുന്നില്ലെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കോണ്‍ഗ്രസിലേക്കു പോയ ബിജെപി എംഎല്‍എയെ ഉദ്ദേശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശമെങ്കിലും, സഖ്യകക്ഷിയായ ശിവസനയ്ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വെവ്വേറെ മത്സരിക്കാന്‍ തയാറെടുക്കുകയാണെന്നാണു വിവരം. ഇരുപാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുമെന്നാണ് ഔദ്യോഗികമായി പറയുന്നതെങ്കിലും ശിവസേനയും ബിജെപിയും വെവ്വേറെ തെരഞ്ഞെടുപ്പ് കാമ്പയ്‌നുകള്‍ ആരംഭിച്ചുകഴിഞ്ഞു. ബിജെപി റോഡ് ഷോ, റാലികള്‍ എന്നിവയുമായി മുന്നോട്ടുപോകുന്‌പോള്‍, ജന്‍ ആശിര്‍വാദ് യാത്രയുമായാണ് ശിവസേനയുടെ നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍