സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു, കവളപ്പാറയില്‍ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. എറണാകുളം, കോട്ടയം,മലപ്പുറം, ഇടുക്കി,കോഴിക്കോട് എന്നീ ജില്ലയിലെ മലയോര മേഖലയിലുള്‍പ്പെടെ ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കവളപ്പാറയില്‍ പുലര്‍ച്ചെ മുതല്‍ വീണ്ടും മഴ തുടങ്ങി. ഇത് തെരച്ചിലിന് തടസമാകുമെന്നാണ് ആശങ്ക. 36 പേരെയാണ് ഇവിടെ നിന്നും ഇനിയും കണ്ടെത്താനുള്ളത്. പത്തനംതിട്ട റാന്നിയില്‍ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചിന് തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. പമ്പയാറിലും തോടുകളിലും ഇന്നലെ കാല്‍ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. പാലാഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറി. ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു.സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ അവധി ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. ആഗസ്റ്റ് 17നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍