ഹൈക്കോടതി ഉത്തരവുമായി വരുന്ന ഓട്ടോകള്‍ക്കെതിരേ ബോര്‍ഡുകള്‍

തൃശൂര്‍: പോലീസ് അറിയാതെ പോലീസിന്റെ പേരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ സിറ്റി പോലീസ് കേസെടുത്തു. ഏതെങ്കിലും കോടതി ഉത്തരവുണ്ടെന്നു പറഞ്ഞ് ആര്‍ടിഎ നല്‍കിയ പെര്‍മിറ്റുമായി വരുന്ന ഓട്ടോകള്‍ ഓടാന്‍ അനുവദിക്കില്ലെന്നു കാണിച്ചാണ് ഓട്ടോ സ്റ്റാന്‍ഡുകളില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അയ്യന്തോള്‍ ഗ്രൗണ്ട്, ഔട്ട് പോസ്റ്റ്, കൂര്‍ക്കഞ്ചേരി, വലിയാലുക്കല്‍, കുരിയച്ചിറ, ചിയ്യാരം, വിയ്യൂര്‍ പാലം, പൂങ്കുന്നം, പറവട്ടാനി, പുളിപ്പറമ്പ്, നെല്ലിക്കുന്ന് കിണര്‍, വളര്‍ക്കാവ്, പെരിങ്ങാവ് എന്നീ പരിധിക്കുള്ളില്‍ നല്‍കിയ പെര്‍മിറ്റും തൃശൂര്‍ സിറ്റി പോലീസ് നല്‍കിയ ചിപ്പോടുകൂടിയ ടിപി നമ്പറും ഇല്ലാത്ത ഒരു ഓട്ടോയും സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നതിനും ഓട്ടം പോകുന്നതിനും അനുവദിക്കുന്നതല്ലെന്നാണ് തൃശൂര്‍ ഓട്ടോ സഹകരണ അസോസിയേഷന്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനോടു സഹകരിക്കാത്ത ഡ്രൈവര്‍മാരുടെയും ഓട്ടോയുടെയും വിവരങ്ങള്‍ ശേഖരിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ബോര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം ഒരു നിര്‍ദ്ദേശം തങ്ങള്‍ നല്‍കിയിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. ഇതോടെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് ബോര്‍ഡ് സ്ഥാപിച്ച യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. ശക്തന്‍ സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, ബിനി ടൂറിസ്റ്റ് ഹോം ജംഗ്ഷന്‍, പാറമേക്കാവ് ജംഗ്ഷന്‍, ഹോസ്പിറ്റല്‍ ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. നേരത്തെ ഹൈക്കോടതി ഉത്തരവുമായി വരുന്ന ഓട്ടോറിക്ഷകള്‍ ഓടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് സമരംവരെ നടത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവു വഴി വരുന്ന ഓട്ടോറിക്ഷകള്‍ തടയാനാകില്ലെന്ന് ആര്‍ടിഒ ചൂണ്ടിക്കാട്ടിയതോടെ ഡ്രൈവര്‍മാര്‍ സമരത്തില്‍നിന്ന് പിന്‍മാറി. ഇത്തരം പെര്‍മിറ്റുകളുമായി കൂടുതല്‍ ഓട്ടോറിക്ഷകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് സ്റ്റാന്‍ഡുകളില്‍ ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍, കോടതിയെ വെല്ലുവിളിക്കുന്ന രീതിയില്‍ പോലീസ് നിര്‍ദേശിച്ചതായി പറഞ്ഞ് നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ തിരിച്ചടിയാകുമെന്നു കണ്ടതോടെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. കോടതിയെ അവഹേളിക്കുന്ന രീതിയില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ, കോടതി ഉത്തരവുമായി വന്ന ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയെ സമീപിച്ചേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍