ദരിദ്രരെ വേണ്ട; കുടിയേറ്റ നിയമം കര്‍ക്കശമാക്കി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍ ഡിസി: പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വവും ഗ്രീന്‍കാര്‍ഡും കിട്ടാക്കനിയാകും. കുടിയേറ്റം, പൗരത്വം, ഗ്രീന്‍കാര്‍ഡ് എന്നിവ സാമ്പത്തികഭദ്രതയുടെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. സ്ഥിരതാമസത്തിനും ജോലിക്കും അനുമതി നല്കുന്ന ഗ്രീന്‍കാര്‍ഡ് മോഹിക്കുന്ന കോടിക്കണക്കിനു പേര്‍ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരും. ഫുഡ് കൂപ്പണുകള്‍, വൈദ്യസഹായം തുടങ്ങിയ സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ കൈപ്പറ്റി യുഎസില്‍ കഴിയുന്ന നിലവിലുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വവും ഗ്രീന്‍കാര്‍ഡും അനുവദിക്കില്ല. രാജ്യത്തു പ്രവേശിപ്പിച്ചാല്‍ ഈ ആനുകൂല്യങ്ങള്‍ നല്‌കേണ്ടിവരുമെന്നു കണ്ടെത്തുന്ന കുടിയേറ്റക്കാര്‍ക്ക് അഭയം നല്കുകയുമില്ല. കുടിയേറ്റം യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേണമെന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തിന്റെ ചുവടുപിടിച്ചു തയാറാക്കിയിരിക്കുന്ന ഈ ചട്ടങ്ങള്‍ ഒക്ടോബര്‍ 15നു പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. നിയമപരമായി കുടിയേറിയ 2.2 കോടി പേരും അനധികൃതമായി രാജ്യത്തു തുടരുന്ന 10.5 കോടി പേരും പുതിയ നിയമത്തിന്റെ ഇരകളാകുമെന്ന് അനുമാനിക്കപ്പെടുന്നു. അമേരിക്കന്‍ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താനായി കുടിയേറ്റം സാമ്പത്തിക സ്വയംപര്യാപ്തതയുടെ അടിസ്ഥാനത്തില്‍ ആക്കണമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ക്കു ഗുണം ചെയ്യേണ്ട പരിമിതമായ വിഭവങ്ങളും ഉദാരമായ പദ്ധതികളും അനധികൃത കുടിയേറ്റക്കാര്‍ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു. കോണ്‍ഗ്രസിനെ മറികടന്നാണ് ട്രംപ് സ്വന്തം നയം നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. താഴ്ന്ന വരുമാനക്കാര്‍ക്ക് യുഎസില്‍ പ്രവേശനം നിഷേധിക്കുന്ന നടപടിയാണിതെന്ന് കാത്തലിക് ലീഗല്‍ ഇമിഗ്രേഷന്‍ നെറ്റ്‌വര്‍ക്ക് പ്രതിനിധി ചാള്‍സ് വീലര്‍ ചൂണ്ടിക്കാട്ടി. വംശീയ വിദ്വേഷത്തില്‍ ഊന്നിയുള്ള നിയമങ്ങളാണിതെന്നും കോടതിയില്‍ ചോദ്യംചെയ്യുമെന്നും നാഷണല്‍ ഇമിഗ്രേഷന്‍ ലോ സെന്റര്‍ എന്ന സംഘടന അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍