റിലയന്‍സ് ഓഹരികള്‍ വാങ്ങാന്‍ ആമസോണിന് മോഹം

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റീട്ടെയില്‍ വിഭാഗത്തിന്റെ 26 ശതമാനം സ്വന്തമാക്കാന്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസിന് മോഹം. ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട്, അടുത്തിടെ ആമസോണിന്റെ ഇന്ത്യയില്‍ ബദ്ധ എതിരാളികളായ ഫ്‌ളിപ്കാര്‍ട്ടില്‍ 1,600 കോടി ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. ഫ്‌ളിപ്കാര്‍ട്ടിലൂടെ വാള്‍മാര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുക കൂടിയാണ് റിലയന്‍സ് റീട്ടെയില്‍ ഓഹരികള്‍ വാങ്ങുന്നതിലൂടെ ആമസോണ്‍ ഉദ്ദേശിക്കുന്നത്. അതേസമയം, ഓഹരി വില്പന നീക്കം ആമസോണോ റിലയന്‍സോ സ്ഥിരീകരിച്ചിട്ടില്ല. ഓഹരി വില്പന നടന്നാല്‍ ആമസോണിന്റെ ഓണ്‍ലൈന്‍ സാന്നിദ്ധ്യവും സാങ്കേതിക മികവും പ്രയോജനപ്പെടുത്താനാകും എന്നാണ് റിലയന്‍സിന്റെ വിലയിരുത്തല്‍. റിലയന്‍സ് ജിയോയിലൂടെ ഇന്ത്യയില്‍ സാന്നിദ്ധ്യം ശക്തമാക്കാമെന്ന് ആമസോണും കണക്കുകൂട്ടുന്നു. അംബാനി കുടുംബത്തിന് ഇന്ത്യന്‍ ഭരണകൂടവുമായി മികച്ച ബന്ധമാണെന്നത്, രാഷ്ട്രീയപരമായ നേട്ടവും നല്‍കുമെന്നാണ് ആമസോണിന്റെ വിലയിരുത്തല്‍. അടുത്തിടെ ഇന്ത്യന്‍ ഇകൊമേഴ്‌സ് മേഖലയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) ചട്ടങ്ങള്‍ മോദി സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കിയത് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും തിരിച്ചടിയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍