ബേക്കല്‍ വികസനത്തിനു വീണ്ടും ചിറക് മുളയ്ക്കുന്നു

ബേക്കല്‍: കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെടിഡിസി) ബേക്കല്‍ ബീച്ച് ക്യാമ്പിന്റെ നവീകരണവും പുതിയ കോട്ടേജുകളുടെ നിര്‍മാണോദ്ഘാടനവും കെ. കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഇന്ന് ഏതൊരു നാടിന്റെയും വികസനത്തിന്റെ നാഴികക്കല്ലായി ടൂറിസം മാറിക്കഴിഞ്ഞെന്നും ടൂറിസം രംഗത്ത് ബേക്കല്‍ കോട്ടയുടെ പ്രാധാന്യം ചെറുതല്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നതോടെ ടൂറിസം രംഗത്ത് ബേക്കല്‍ ഫോര്‍ട്ടിന്റെ പ്രാധാന്യം ഇരട്ടിക്കും. പുതിയ കോട്ടേജുകള്‍ വരുന്നതോടെ സന്ദര്‍ശകരുടെ എണ്ണവും വര്‍ധിക്കും. കോട്ടേജുകളുടെ നിര്‍മാണം എത്രയുംപെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേക്കല്‍ ബീച്ചില്‍ നടന്ന ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, വൈസ് പ്രസിഡന്റ് പി.എം. അബ്ദുള്‍ ലത്തീഫ്, വാര്‍ഡ് മെമ്പര്‍ എം.ജി. ആയിഷ, കെടിഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സി.എച്ച്. കുഞ്ഞമ്പു, ബാബു ഗോപിനാഥ്, കാസിം ഇരിക്കൂര്‍, കെടിഡിസി റീജണല്‍ മാനേജര്‍ പ്രദീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹക്കീം കുന്നില്‍, കെ.ഇ.എ. ബക്കര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം.എ. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍