ലൈഫ് മിഷന്‍: ഒരു ലക്ഷം വീടുകളായി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവനപദ്ധതിയായ ലൈഫ് മിഷന്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി 1,03,644 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ ദേശീയതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഇത്രയും അധികം വീടുകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനമായി കേരളം മാറി. ഈ പുരോഗതി അടിസ്ഥാനമാക്കിയാല്‍ വരുന്ന ഡിസംബറോടെ പദ്ധതിയില്‍ സംസ്ഥാനത്തു പൂര്‍ത്തിയാകുന്ന വീടുകളുടെ എണ്ണം രണ്ടു ലക്ഷമാകും. പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ നിര്‍മാണമാണു ലൈഫ് മിഷന്‍ ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന 54,351 വീടുകളില്‍ 51,509 വീടുകള്‍ (94.77%) നിര്‍മിച്ചുകഴിഞ്ഞു. 633.67 കോടി രൂപ ഗുണഭോക്താക്കള്‍ക്കു ഭവനനിര്‍മാണത്തിനു ധനസഹായമായി നല്‍കി. രണ്ടാംഘട്ടത്തില്‍ 30,359 (34.58%) ഗുണഭോക്താക്കള്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു. പിഎംഎവൈ ലൈഫ് അര്‍ബന്‍ പ്രകാരം 21,776 (30.08%) വീടുകളുടെ നിര്‍മാണവും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി അടിമാലിയില്‍ ഭവന സമുച്ചയം പൂര്‍ത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ ഭൂരഹിത ഭവനരഹിതരായ 163 ഗുണഭോക്താക്കള്‍ക്കു കൈമാറി.ലൈഫ് രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണു ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍ ഗ്രാമസഭ സര്‍വേയിലൂടെ കണ്ടെത്തി അംഗീകരിച്ച 1,73,065 ഗുണഭോക്താക്കളില്‍ രേഖാപരിശോധനയിലൂടെ 98,281 പേരാണ് അര്‍ഹത നേടിയത്. ഇവരില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടത് 86,341 പേരാണ്. രണ്ടാംഘട്ടത്തില്‍ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാനായി പല പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്തു കുറഞ്ഞ നിരക്കില്‍ വീട് നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിലൈഫ്മിഷന്‍ കൈക്കൊണ്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍