എ.കെ. സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

 പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി മലപ്പുറം സ്വദേശിയായ എ.കെ. സുധീര്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി എം.എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഒമ്പതാമത്തെ നറുക്കിലാണ് എ.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമല മേല്‍ ശാന്തിയായി തെരഞ്ഞെടുത്തത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെയുള്‍പ്പടെ മേല്‍ശാന്തിയായിരുന്നു അദ്ദേഹം. ശബരി മലമാളികപ്പുറം മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള അഭിമുഖത്തില്‍ 18 പേരാണ് പങ്കെടുത്തത്. ഇത്തവണ മുതല്‍ പുതുതായി ചുമതല യേല്‍ക്കുന്ന മേല്‍ശാന്തിമാര്‍ക്ക് തന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പരിശീലനം നല്‍കും.ചിങ്ങമാസ പൂജകള്‍ക്കായി ശബ രിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഇന്നലെ വൈകിട്ട് അഞ്ചിനാണ് തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകര്‍ന്ന ശേഷം പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്‌നി പകര്‍ന്നതോടെ ഭക്തരെ പതിനെട്ടാം പടികയറി ദര്‍ശനം നടത്താന്‍ അനുവദിച്ചു. മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ഇന്ന് പുലര്‍ച്ചെ 5 ന് നിര്‍മ്മാല്യം, നെയ്യഭിഷേകം, മഹാഗണപതി ഹോമം എന്നീ ചടങ്ങുകളോടെ പൂജകള്‍ തുടങ്ങും. അഞ്ച് ദിവസങ്ങളിലും പതിവ് പൂജകള്‍ക്ക് പുറമേ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 21 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും.ഈ വര്‍ഷം മുതല്‍ തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ കന്നിമാസം 1 മുതല്‍ 31 വരെ ശബരിമലയിലും മാളികപ്പുറത്തും ഭജനമിരിക്കണം. ക്ഷേത്ര പൂജകളും മറ്റും കൂടുതലായി മനസിലാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് പുതിയായി ഏര്‍പ്പെടുത്തിയ സംവിധാനമാണിത്. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന നവംബര്‍ 16 നാണ് ഇരുവരുടെയും അവരോധന ചടങ്ങ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാണ് ക്ഷേത്ര നടകള്‍ തുറക്കുക. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി പത്തിന് നട അടയ്ക്കും. ഓണക്കാല പൂജകള്‍ക്കായി 9 ന് വൈകിട്ട് 5 മണിക്ക് നട തുറന്ന് 13 ന് രാത്രി പത്തിന് അടയ്ക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍