വ്യാപാരികളെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കണം

 കേളകം: കണിച്ചാര്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ക്കിരയായ വ്യാപാരികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അപ്രതീക്ഷിത ചുഴലി കൊടുങ്കാറ്റില്‍ വ്യാപാര മേഖലക്കു 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റ് പ്രസിഡന്റ് മത്തായി മൂലേച്ചാലില്‍ പറഞ്ഞു. ചുഴലിക്കാറ്റ് നശിപ്പിച്ച കടകമ്പോളങ്ങളും കൃഷിയിടങ്ങളും സണ്ണി ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ മാണി, വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താടെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. കണിച്ചാറില്‍ പ്രത്യേക പാക്കേജ് വേണമെന്നു സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത യോഗം ആവശ്യപ്പെട്ടു. ഇതിനായി ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരി സംഘടനപ്രതിനിധികളും ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ മാണി, വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ, മത്തായി മൂലേച്ചാലില്‍, പൗലോസ് കൊല്ലുവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അടിയന്തിര സര്‍ക്കാര്‍ സഹായം വേണമെന്നു യോഗം ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍