കശ്മീര്‍ നടപടി വര്‍ഗീയത ആളിക്കത്തിക്കാന്‍: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ തകര്‍ത്തു കശ്മീരിനെ ഒറ്റപ്പെടുത്തി രാജ്യത്തു വര്‍ഗീയത ആളിക്കത്തിക്കുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇതു ജനാധിപത്യ മതേതര, ഫെഡറല്‍ മൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമാണ്. ജമ്മുകശ്മീരിന് ഏഴു പതിറ്റാണ്ടായി നല്‍കി വരുന്ന പ്രത്യേക അധികാരാവകാശങ്ങളാണ് യാതൊരുവിധ ചര്‍ച്ചയും നടത്താതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ എടുത്തു കളഞ്ഞത്. ജമ്മുകശ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയും വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചും ജനങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയുമാണിതു കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ തീക്കളിക്കു വലിയ വില നല്‍കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പു നല്‍കി. ജമ്മുകശ്മീരില്‍ നടപ്പാക്കിയ ഭരണഘടനാ വിരുദ്ധ നടപടി നാളെ മറ്റിടങ്ങളിലേക്കു വ്യാപിപ്പിച്ചാല്‍ അദ്ഭുതപ്പെടേണ്ടി വരില്ല. ഇതിനെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍