കശ്മീര്‍ ആശങ്കപ്പെടുത്തുന്നു; മനുഷ്യാവകാശങ്ങളെ മാനിക്കണമെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ ആശങ്കപ്പെടുത്തുന്ന തായി അമേരിക്ക. മേഖലയിലെ സ്ഥിതിഗതികള്‍ യുഎസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് വിദേശകാര്യവക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പറഞ്ഞു. പ്രദേശത്തെ താമസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ആളുകളെ തടങ്കലില്‍ വച്ചിരിക്കുന്നതായ റിപ്പോര്‍ട്ടുകളും ആശങ്കപ്പെടുത്തുന്നു. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണമെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ആവിശ്യപ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അമേരിക്ക നിരന്തരം ഉന്നയിക്കുന്നതാണെന്ന് മോര്‍ഗന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ സമാധാനം കാത്തുസൂക്ഷിക്കണം. അതിര്‍ത്തി കടന്നുള്ള ഭീകരത തടയണമെന്നും പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. ഉടന്‍ തന്നെ കശ്മീര്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയാണ്. കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് നടത്തുന്ന ചര്‍ച്ചകളെ അമേരിക്ക പിന്തുണയ്ക്കുന്നത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍