ക്ലേശം ഒഴിയാതെ ബംഗളൂരു കുടക് യാത്ര

മാനന്തവാടി: മണ്ണിടിഞ്ഞതുമൂലം മാക്കൂട്ടം ചുരംപാതയില്‍ ഗതാഗതം നിരോധിച്ചത് ബംഗളൂരുകുടക് യാത്ര ദുരിതത്തിലായി. ഈ പാതയില്‍ നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ യാത്രക്കാര്‍ക്ക് കൊട്ടിയൂര്‍പാല്‍ച്ചുരം പാത ആശ്വാസമായിരുന്നു. എന്നാല്‍, റോഡ് തകര്‍ന്നതോടെ പാല്‍ച്ചുരം വഴിയുള്ള യാത്രയും പറ്റാതായി. കണ്ണൂരില്‍ നിന്ന് കുടകിലേക്കും ബംഗളൂരുവിലേക്കുമുള്ള ബസുകള്‍ ഇപ്പോള്‍ നെടുമ്പൊയില്‍ മാനന്തവാടി വഴിയാണ് പോകുന്നത്. മാക്കൂട്ടം പാതയേക്കാള്‍ ആറും എട്ടും മണിക്കൂര്‍ അധികം വേണം ഇതിന്. മാക്കൂട്ടം ചുരം പാതയില്‍ ചെറുവാഹനങ്ങള്‍ കടത്തിവിടാനുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. 30 അടി താഴ്ചയിലാണ് ഇവിടെ റോഡ് ഇടിഞ്ഞത്. തീവണ്ടിയാത്രയും മുടങ്ങിയതോടെ വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ആയിരങ്ങളുടെ യാത്രയാണ് ക്ലേശത്തിലായത്. പച്ചക്കറി ,പലചരക്ക് ലോറികളുടെ വരവും പ്രതിസന്ധിയിലായിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും കാരണമായേക്കും. കണ്ണൂര്‍-ബാംഗളൂരു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയതില്‍ പ്രതിഷേധമുയരുന്നുണ്ട്.മാനന്തവാടിയില്‍നിന്ന് ബാവലി വഴിയും കുട്ട വഴിയുമാണ് കര്‍ണാടകയിലേക്ക് ബസുകള്‍ ഓടുന്നത്. ബാവലിയില്‍ രാത്രിയാത്രനിരോധനം നിലനില്‍ക്കുന്നതിനാല്‍ എല്ലാ സമയവും കടന്നു പോകാനാവുക തോല്‍പ്പെട്ടികുട്ട വഴിയാണ്. ഇതുവഴി ദൂരം കൂടുതലാണ്. മാനന്തവാടി വഴിയുള്ള ബസ് സര്‍വീസാണ് കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ അധികൃതര്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചത്. ഈ റൂട്ടില്‍ സ്വകാര്യ ബസുകളാണ് ഇപ്പോള്‍ ആശ്രയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍