റയല്‍ തോല്‍ക്കുമ്പോള്‍ ബെയ്‌ലിന് ഗോള്‍ഫ് കളി;

വിമര്‍ശനവുമായി സിദാന്‍ റയല്‍ മാഡ്രിഡ് പ്രാണവേദന അനുഭവിക്കുമ്പോള്‍ സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍ ഗോള്‍ഫ് കളിച്ച് നടക്കുന്നതിനെ പരിഹസിച്ച് പരിശീലകന്‍ സിനദിന്‍ സിദാന്‍. ഒരിടവേളക്ക് ശേഷം റയലിലെ കലഹം വീണ്ടും തലപൊക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സിദാനും ബെയ്‌ലും തമ്മിലുള്ള പടലപ്പിണക്കമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ വീണ്ടും സജീവമാകുന്നത്. കഴിഞ്ഞ ദിവസം ടോട്ടനത്തിനെതിരായ റയല്‍ മാഡ്രിഡിന്റെ കളി നടക്കുമ്പോള്‍ ബെയ്ല്‍ ഗോള്‍ഫ് കളിച്ചു നടക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വെല്‍ഷ് താരത്തിനെതിരെ സിദാന്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തുവന്നത്. റയലിലെ പടലപ്പിണക്കം രൂക്ഷമായതോടെ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബിലേക്ക് കൂടുമാറാന്‍ ബെയ്ല്‍ ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം പ്രതീക്ഷകള്‍ അസ്ഥാനത്താകുകയായിരുന്നു. ഔഡി കപ്പിനുള്ള റയല്‍ ടീമില്‍ ബെയ്‌ലിന് സ്ഥാനം നല്‍കാതിരിക്കാന്‍ കാരണമായി സിദാന്‍ പറഞ്ഞത് വെല്‍ഷ് താരം കളിക്കാന്‍ പൂര്‍ണമായും ഫിറ്റല്ല എന്നായിരുന്നു. ഇതേസമയം തന്നെയാണ് ബെയ്!ല്‍ ഗോള്‍ഫ് ക്ലബ്ബില്‍ കളിക്കാന്‍ പോയതും. ''ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതിനെ എതിര്‍ക്കാനൊന്നും ഞാനില്ല'' എന്നായിരുന്നു ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ സിദാന്റെ മറുപടി. ഗോള്‍ഫ് ഗ്രൗണ്ടില്‍ ചിലപ്പോള്‍ ബെയ്ല്‍ പരിശീലനം നടത്തിക്കാണുമെന്നും സിദാന്‍ പരിഹാസിച്ചു. സ്വന്തം ഉത്തരവാദിത്തങ്ങള്‍ എന്താണെന്ന് മനസിലാക്കി അത് നിര്‍വഹിക്കണം. അവന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാനൊന്നും ഞാനില്ല. പക്ഷേ അവന്‍ അവിടെ പരിശീലനം നടത്തുകയായിരുന്നിരിക്കണം. അത് അനാദരവ് ആണോയെന്ന് ഒന്നും ഞാന്‍ പറയില്ല. എനിക്ക് താല്‍പ്പര്യമില്ലാത്ത ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടുപോകാന്‍ നിങ്ങള്‍ ശ്രമിക്കേണ്ട. ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല. സിദാന്‍ പറഞ്ഞു. ബെയ്ല്‍ റയല്‍ വിട്ടുപോകുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് സിദാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടോട്ടനത്തോട് റയല്‍ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍