മഴക്കെടുതിയുടെ വിശേഷങ്ങള്‍

ഇത്തവണ ആസാമിലും ബിഹാറിലും കര്‍ണാടകയിലുമൊക്കെ പ്രളയം താണ്ഡവമാടിയപ്പോള്‍ മലയാളി നിനച്ചില്ല തങ്ങളുടെ ദേശത്തും കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിന്റെ മറ്റൊരു പതിപ്പ് ഓടിയടുക്കുമെന്ന്.എന്നാല്‍ അത് തന്നെ സംഭവിച്ചു. കേരളം ഇത്തവണയും ഒരു കൊച്ചു പ്രളയത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കോഴിക്കോട്,വയനാട്, മലപ്പുറം,തൃശൂര്‍, കോട്ടയം ജില്ലകളിലും മറ്റു മലയോര പ്രദേശങ്ങളിലുമാണ് ഇതുവരെ ഈ മഴക്കെടുതികള്‍ കാര്യമായി ബാധിച്ചത്. വയനാട്ടിലെ മേപ്പാടിയിയിലും മലപ്പുറത്തെ നിലമ്പൂര്‍ കവളപ്പാറയിലും,കോഴിക്കോട്ടെ വിലങ്ങാട്ടും ഉരുള്‍പൊട്ടലുണ്ടായി. എല്ലായിടത്തും കൂടി ഇതുവരെ മരണപ്പെട്ടത് 93 പേര്‍.മണ്ണിനടിയില്‍ പെട്ട് കാണാതായവര്‍ 59. തകര്‍ന്നത് 300 ഓളം വീടുകള്‍.ഭാഗികമായി തകര്‍ന്നത് 3000 ഓളം വീടുകള്‍. വെള്ളപ്പൊക്കം മൂലം വൈദ്യുതി ബന്ധം തകരാറിലായത് പതിമൂന്നരലക്ഷം കുടുംബങ്ങള്‍ക്ക്.1600 ഓളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് ഏതാണ്ട് ഏഴര ലക്ഷം പേര്‍.ഇങ്ങിനെയൊക്കെയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള പ്രകൃതിയുടെ സംഹാരതാണ്ഡവ കണക്കുകള്‍.രണ്ട് ദിവസം മഴക്കല്‍പ്പം ശമനമുണ്ടായെങ്കിലും ഇന്നലെ മുതല്‍ വീണ്ടും തുടര്‍ന്നു കൊണ്ടിരിക്കുന്നു.ആശങ്ക നീങ്ങി എന്നു പറഞ്ഞു കൂടാ.കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകളനുസരിച്ച് ഇനി വരും ദിനങ്ങളിലും മഴക്കെടുതിയുടെ മുന്നറിയിപ്പും സൂചനകളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷത്തെ പ്രളയാനന്തര ദിനങ്ങളൊന്നില്‍ ഈ പംക്തിയില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് പുനപ്രസിദ്ധീകരിക്കുന്നത് ഇപ്പോള്‍ ഉചിതമായിരിക്കുമെന്ന് കരുതുന്നു. ആ കുറിപ്പ് ഇങ്ങിനെയായിരുന്നു. 'ഇത്തവണത്തെ പ്രളയം മലയാളിയെ ഞെട്ടിച്ചു കളഞ്ഞു.രാജ്യത്ത് അങ്ങുമിങ്ങും വിദേശങ്ങളിലുമൊക്കെ ഉണ്ടാവാറുള്ള പ്രളയങ്ങളുടെയും അതിന്റെ കെടുതികളെയുമൊക്കെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഇതുവരെ ഗാലറിയിലിരിക്കുകയായിരുന്നു നാം.അത് കൊണ്ട് തന്നെ അവിടങ്ങളിലെ മനുഷ്യസമൂഹത്തിന് പ്രളയം വരുത്തി വെച്ച വ്യക്തിപരവും സാമൂഹ്യവും സാമ്പത്തികവും മാനസികവുമായ ആഘാതങ്ങളുടെ ആഴത്തെപ്പറ്റി നമുക്ക് വ്യക്തമായ ധാരണങ്ങളുണ്ടായിരുന്നില്ല.എന്നാലിതാ ഇപ്പോള്‍ നമുക്ക് തന്നെയിത് വന്നുഭവിച്ചപ്പോള്‍ കാര്യം വ്യക്തമായി പിടികിട്ടിയിരിക്കുന്നു.ചില പാഠങ്ങളും ഇതില്‍ നിന്ന് നാം പഠിച്ചിരിക്കുന്നു. ഭൗതിക വസ്തുക്കളില്‍ വെള്ളമാണ് ഏറ്റവും ശക്തരില്‍ ഒന്ന് എന്നതാണ് ആദ്യപാഠം.പ്രളയത്തിന്റെ ചരിത്രം ഖുര്‍ ആനും ബൈബിളുമൊക്കെ മനുഷ്യരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്.പ്രവാചകന്‍ നൂഹിന്റെ (നോഹ) കാലത്ത് അദ്ദേഹത്തിന്റെ നിയോഗ ഭൂമിയായ ഇറാക്ക്-സിറിയ പ്രദേശത്ത് അധര്‍മ്മം കൊടികുത്തി വാണപ്പോള്‍ ദൈവശിക്ഷയായോ അല്ലെങ്കിലവന്റെ പരീക്ഷണമായോ വന്‍ പ്രളയമുണ്ടായി.അദ്ദേഹത്തോടൊപ്പം കപ്പലില്‍ (നോഹയുടെ പെട്ടകം) കയറി സജ്ജനങ്ങളും പക്ഷി മൃഗാദികളുമൊക്കെ സുരക്ഷിതരായി എന്നും ദുഷ്ടജനങ്ങളും അവരുടെ മുഴുവന്‍ സമ്പത്തും നശിച്ചു പോയി എന്നുമൊക്കെയാണല്ലോ ആ ചരിത്ര കഥ.എന്നാല്‍ പിന്നീടങ്ങിനെയൊരു കൊടുംപ്രളയത്തിന്റെ കഥ ലോകം കേട്ടിട്ടില്ല.അത് കൊണ്ട് തന്നെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു ചരിത്ര ദൃഷ്ടാന്തമായി അതങ്ങിനെ നില്‍ക്കുന്നു. ഈ കൊച്ചു കേരളത്തിലേക്ക് മടങ്ങാം.നമ്മുടെ പൂര്‍വ്വികരും ലഭ്യമായ ലിഖിതങ്ങളും പറയുന്നു 1924 ല്‍ ഇവിടെ ഒരു മഹാപ്രളയമുണ്ടായി എന്ന്.പക്ഷെ അന്ന് ഭൂമിയുടെ രൂപഭാവങ്ങള്‍ക്ക് ഇന്നത്തേതില്‍ നിന്നും വ്യത്യാസമുണ്ടായിരുന്നു.ജനസംഖ്യയും കുറവായിരുന്നു.അത് കൊണ്ട് തന്നെ കാട്ടിനും മേട്ടിനും കുന്നിനും മലക്കും പുഴക്കും കുളത്തിനുമൊന്നും നാം മനുഷ്യരേല്‍പ്പിക്കുന്ന പരിക്കുകളും ഇല്ലായിരുന്നു.എത്ര പെയ്തിറങ്ങിയാലും അതുള്‍ക്കൊള്ളാന്‍ ഭൂമിക്കാവുമായിരുന്നു.എന്നാല്‍ ജനം പെരുകുകയും അവരുടെ ഭൗതികാവശ്യങ്ങള്‍ വര്‍ദ്ധിക്കുകയും അതോടൊപ്പം എല്ലാ ആധുനിക സൗകര്യങ്ങളോടുമുള്ള താല്‍പ്പര്യവും ആര്‍ഭാടവും ആക്രാന്തമാവുകയും ചെയ്തതോടെ ഭൂമിയുടെ പ്രകൃതം തന്നെ മാറിപ്പോയി.അത് വഴി മാനത്ത് നിന്നും പെയ്തിറങ്ങുന്ന ജലം എന്ന ശക്തനെ ഉള്‍ക്കൊള്ളാനോ കൃത്യമായി ഒഴുക്കി വിടാനോ കഴിയാത്ത അവസ്ഥയായി.അങ്ങിനെ അടുത്ത നൂറ്റാണ്ടിന്റെ മഹാപ്രളയം വന്നപ്പോള്‍ നാം നിസ്സഹായരായിപ്പോയി. പാഠം രണ്ട് ഗാഡ്ഗിലും കസ്തൂരിരംഗനും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ ജനത്തിന് ഏതാണ്ട് മനസ്സിലായി എന്നതാണ്.ഇനിയുമുണ്ട് ഈ പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ഏറെ.പണ്ടൊക്കെ അതിവര്‍ഷം വന്നാല്‍ ചേരികളിലും വയല്‍ത്തുരുത്തുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവരെയായിരുന്നു അത് കൂടുതല്‍ ബാധിക്കുക.ഇത്തവണ അത് വയല്‍ നികത്തി മണിമാളികകള്‍ തീര്‍ത്ത സമ്പന്നരെയും കാര്യമായി ബാധിച്ചിരിക്കുന്നു.പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വാചകമടി പോരാ ശാസ്ത്രീയമായ ആസൂത്രണം വേണമെന്ന് രാഷ്ട്രീയക്കാരും ഭരണാധാകാരികളും മനസ്സിലാക്കിയിരിക്കുന്നു.വെള്ളത്തെ അധികമായി പിടിച്ചു വെച്ചാല്‍ അത് അപകടമായേക്കും എന്ന് പഠിപ്പിച്ചിരിക്കുന്നു.പ്രളയത്തിന്റെ താണ്ഡവങ്ങള്‍ക്കിരയായിപ്പോയവരെ ആളും അര്‍ത്ഥവും കൊടുത്ത് കൈമെയ് മറന്ന് സഹായിക്കണമെന്ന് സഹൂഹത്തിലെ ബഹുഭൂരിപക്ഷവും മനസ്സിലാക്കിയിരിക്കുന്നു.സഹജീവികള്‍ക്ക് അനര്‍ത്ഥങ്ങള്‍ വന്ന് കഷ്ടപ്പെടുമ്പോള്‍ അവരെ സഹായിക്കുന്നതില്‍ ജാതിയും മതവും രാഷ്ട്രീയവും വര്‍ഗ്ഗവും വംശവുമൊന്നും പ്രശ്‌നമേ അല്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.ആണ്ടറുതികളിലും ആഘോഷങ്ങളിലും ആര്‍ഭാടം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ ജനം ധിക്കാരവും അധികപ്രസംഗവും മാറ്റി വെച്ച് ഏതാണ്ട് നന്നായി പെരുമാറാന്‍ വരെ ശീലിച്ചിരിക്കുന്നു.അപ്പോഴും ബാക്കിയാവുന്ന ചോദ്യമിതാണ്.ഇതൊക്കെ എത്രകാലത്തേക്ക്? ഇങ്ങിനെ ഈ പ്രളയാനന്തര ദിനങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ധാരാളമുണ്ട്.ആളും അവസ്ഥയും കുടുംബവും സമൂഹവുമൊക്കെയായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമല്ല പ്രളയത്തിന്റെ ഇരകളുടെ മാനസികാഘാതം കൂടി അഭിമുഖീകരിക്കേണ്ട ഒരു വലിയ വിഷയം തന്നെയാണ്.ഏതായാലും ഈ പ്രതിസന്ധിയെ നേരിടാന്‍ ഒരുമിക്കാം നമുക്ക്.തികഞ്ഞ ആത്മാര്‍ത്ഥതയോടെയും യാഥാര്‍ത്ഥ്യബോധത്തോടെയും.'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍