ജമ്മുകശ്മീര്‍ വെട്ടിമുറിച്ചത് ട്രംപ് പറഞ്ഞിട്ട്: കോടിയേരി

തിരുവനന്തപുരം: ജമ്മുകശ്മീര്‍ വെട്ടിമുറിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ജമ്മുകശ്മീര്‍ വിഭജനത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് ജമ്മുകശ്മീര്‍ വിഭജനം. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന സമീപനമല്ല കേന്ദ്രത്തിനുള്ളതെന്ന് കഴിഞ്ഞ ബഡ്ജറ്റ് തെളിയിച്ചു. കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും റെയില്‍വേ മെഡിക്കല്‍ കോളേജും നിഷേധിച്ചു. പാലക്കാട് കോച്ച് ഫാക്ടറിക്ക് തുക വകയിരുത്തിയില്ല. സാധനങ്ങളുടെ വില കൂട്ടുന്നതിലൂടെ സമാഹരിക്കുന്ന പണമുപയോഗിച്ച് തങ്ങള്‍ക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ ഭരണകൂടത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍നാഗപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. പ്രകാശ് ബാബു, മാത്യു ടി. തോമസ്, ടി.പി. പീതാംബരന്‍ മാസ്റ്റര്‍, വി. സുരേന്ദ്രന്‍പിള്ള, ആന്റണിരാജു, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, സതീഷ്ബാബു, സി. വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ സ്വാഗതവും ഫിറോസ് ലാല്‍ നന്ദിയും പറഞ്ഞു.മ്യൂസിയം ജംഗ്ഷനില്‍ നിന്ന് രാവിലെ 11ന് തുടങ്ങിയ മാര്‍ച്ചില്‍ വനിതകളടക്കമുള്ള പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തമാണ് ഉണ്ടായത്. മാര്‍ച്ച് തുടങ്ങിയതോടെ മ്യൂസിയം വെള്ളയമ്പലം കവടിയാര്‍ റോഡില്‍ ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍