ദേശീയ വിദ്യാഭ്യാസ നയം : കേരള എംപിമാരുമായി ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: വിവാദമായ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള എംപിമാരുമായി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിശാങ്ക് ഇന്ന് ചര്‍ച്ച നടത്തും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി എന്‍ഇപി) കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള തീയതി രണ്ടാഴ്ച കൂടി ഇന്നലെ നീട്ടിയതിനു പിന്നാലെയാണു കേരള, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരെ മന്ത്രി ഇന്നു ചര്‍ച്ചയ്ക്കു ക്ഷണിച്ചത്.പാര്‍ലമെന്റ് ഹൗസ് അനക്‌സിലെ കമ്മിറ്റി റൂമില്‍ രാവിലെ പത്തിനാണു മാനവശേഷി മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടക്കുക. മുന്‍കൂട്ടി അറിയിപ്പില്ലാതിരുന്നതിനാല്‍ ഇന്നലെ വൈകുന്നേരം ഏതാനും കേരള എംപിമാര്‍ യോഗത്തിന്റെ കാര്യമറിയാതെ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം തയാറാക്കിയ കെ. കസ്തൂരിരംഗന്‍ സമിതിയിലെ ചിലരും മാനവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍