ചെക്ക് കേസില്‍ കര്‍ശന നടപടിക്കൊരുങ്ങി ഖത്തര്‍

ദോഹ: ചെക്കു കേസുകളില്‍ കര്‍ശന നടപടികളുമായി ഖത്തര്‍ ഭരണകൂടം. കമ്പനികളുടെയോ വ്യക്തികളുടെയോ ചെക്ക് മടങ്ങുന്ന പക്ഷം ഒരു വര്‍ഷത്തെ ചെക്കിടപാട് തടസ്സപ്പെടുമെന്ന് ക്രിമിനല്‍ കോടതി പ്രഖ്യാപിച്ചു. ചെക്കിന് തുല്യമായി റീഫണ്ടിങ് സംവിധാനം പുനരാരംഭിക്കാനും തീരുമാനമായി ചെക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം ജുഡീഷ്യറി കൌണ്‍സിലിലെ ക്രിമിനല്‍ കോടതി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കുമായി ചേര്‍ന്ന് പുതിയ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും കരിമ്പട്ടിക തയ്യാറാക്കും. ഇതില്‍പ്പെടുന്നവരെ ഒരു വര്‍ഷത്തേക്ക് ചെക്കിടപാടുകള്‍ നടത്താന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് പ്രത്യേക സര്‍ക്കുലറയക്കാനും തീരുമാനമായി. കേസുകളില്‍പെടുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള മറ്റ് ശിക്ഷ ക്രിമിനല്‍ കോടതി വിധിക്കും.
മതിയായ തുകയില്ലാതെ ചെക്ക് മടങ്ങുകയാണെങ്കില്‍ പീനല്‍ കോഡിലെ 357 വകുപ്പ് പ്രകാരം മൂന്ന് മാസത്തില്‍ കുറയാത്തതും മൂന്ന് വര്‍ഷത്തില്‍ കൂടാത്തതുമായ തടവും 3000 റിയാലില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. കൂടാതെ ചെക്കിന് തുല്യമായി റീഫണ്ടിങ് സംവിധാനം പുനരാരംഭിക്കാനും കോടതി തീരുമാനിച്ചു. സിവില്‍ കോടതയില്‍ കേസ് ഫയല്‍ ചെയ്യാതെ തന്നെ ചെക്ക് കേസിലുള്‍പ്പെട്ട പ്രതി എതിര്‍കക്ഷിക്ക് ചെക്കിന് തുല്യമായ തുകയും ചിലവായ തുകയും നല്‍കുന്ന സംവിധാനമാണ് റീഫണ്ടിങ്. പീനല്‍ കോഡിലെ ആര്‍#േ#ട്ടിക്കിള്‍ 357 പ്രകാരമാണ് ഇത് നടപ്പാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍